ബ്രസീലിയ: രാജ്യത്തെ പ്രായപൂര്‍ത്തിയായ 75 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെങ്കില്‍ കോവിഡ് മഹാമാരിയെ നിയന്ത്രിക്കാനാകുമെന്ന് പഠനങ്ങള്‍ . ബ്രസീലിലെ സെറാനയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത് .

രാജ്യത്തെ താമസക്കാരിലെ 20 വയസിന് മുകളിലുള്ളവരുടെ 75 ശതമാനമായ 45,000 ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയാണ് പഠനം നടത്തിയത്. ഇതോടെ കോവിഡ് മരണ നിരക്ക് 95 ശതമാനം കുറയ്ക്കാനായെന്നും പഠനം വ്യക്തമാക്കുന്നു .

75 ശതമാനം പേരും വാക്‌സിന്‍ സ്വീകരിക്കുന്നതോടെ വാക്‌സിന്‍ സ്വീകരിക്കാത്ത ആളുകള്‍ക്കും സംരക്ഷണം ലഭിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. കൂടുതല്‍ ആളുകള്‍ കുത്തിവെപ്പ് എടുക്കുന്നതോടെ വൈറസിന്റെ വ്യാപനം തടയാന്‍ സാധിക്കുമെന്നതാണ് കാരണം . ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് ഇന്‍സ്റ്റിറ്റ്യൂട്ടോ ബുട്ടാന്‍ടാന്‍ ഈ പഠനം നടത്തിയത്. ചൈനീസ് വാക്‌സിന്‍ നിര്‍മാതാക്കളായ സിനോവാക് ബയോടെക് വികസിപ്പിച്ച കോറോണവാകിന്റെ നിര്‍മാതാക്കളാണ് ഈ സ്ഥാപനം.

സെറാനയിലെ 20 വയസിന് മുകളിലുള്ള 75 ശതമാനം പേര്‍ക്കും വാക്‌സിന്റെ രണ്ട് ഡോസും നല്‍കിയാണ് ഗവേഷണം നടത്തിയത്. തുടര്‍ന്ന് 100 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാതെ തന്നെ മഹാമാരിയെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നാണ് പഠനത്തില്‍ നിന്ന് ലഭിച്ച മുഖ്യ നീരിക്ഷണണെന്ന് റിസര്‍ച്ച്‌ ഡയറക്ടര്‍ റിക്കാര്‍ഡോ പലാസിയോസ് വ്യക്തമാക്കി .

“75 ശതമാനവും വാക്‌സിന്‍ സ്വീകരിച്ചതോടെ ഇവിടുത്തെ മരണനിരക്ക് 95 ശതമാനം കുറയുകയും രോഗികളുടെ ആശുപത്രി വാസം 86 ശതമാനം കുറയുകയും ചെയ്തു. മാത്രമല്ല ലക്ഷണങ്ങളുള്ള കേസുകളില്‍ 86 ശതമാനം കുറവുണ്ടാകുകയും വാക്‌സിന് നല്‍കാത്ത 20 വയസില്‍ താഴെയുള്ളവരുടെ രോഗനിരക്ക് വളരെ കുറയുകയും ചെയ്തതായി പഠനം ചൂണ്ടിക്കാട്ടുന്നു. “ഇത് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാതെ തന്നെ സ്‌കൂളുകള്‍ തുറക്കാമെന്നാണ് കാണിക്കുന്നതെന്ന് റിസര്‍ച്ച്‌ ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.

അമേരിക്കക്ക് പിന്നാലെ കോവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് ബ്രസീല്‍. ഏകദേശം 4,63,000 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്