ന്യൂഡല്‍ഹി: കൊവിഡില്‍ നിന്നും മുക്തിനേടിയ ഒരാളുടെ പ്ളാസ്‌മയെടുത്ത് ചികിത്സയ്‌ക്ക് ഉപയോഗിക്കുന്നത് എതിര്‍ത്ത് ഒരുകൂട്ടം വിദഗ്‌ദ്ധര്‍. പൂര്‍ണമായ ആരോഗ്യത്തിലേക്ക് മടങ്ങിയെത്തുന്ന ഒരാളുടെ പ്ളാസ്‌മയെടുത്ത് കൊവിഡ് രോഗികളില്‍ ചികിത്സയ്‌ക്ക് ഉപയോഗിക്കുന്നത് യുക്തിക്ക് നിരക്കാത്തതും അശാസ്‌ത്രീയവുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

ഡോക്‌ടര്‍മാരും, ആരോഗ്യ വിദഗ്ദ്ധരുമാണ് ഇത്തരത്തില്‍ അഭിപ്രായവുമായി കേന്ദ്ര മുഖ്യ ശാസ്‌ത്ര ഉപദേഷ്‌ടാവിനും എയിംസിന്റെയും ഐസിഎംആറിന്റെയും തലവന്മാര്‍ക്ക് കത്തയച്ചത്. രാജ്യത്ത് നിരവധി ആശുപത്രികളില്‍ കൊവിഡ് മുക്തരുടെ പ്ളാസ്‌മ കൊവിഡ് ബാധിതരില്‍ ഉപയോഗിച്ച്‌ ചികിത്‌സിക്കുന്നുണ്ട്.
രാജ്യത്തെ ലക്ഷക്കണക്കിന് കൊവിഡ് രോഗികളുടെ ബന്ധുക്കള്‍ പ്ളാസ്‌മയ്‌ക്കായി അലയുന്നത് അവസാനിപ്പിക്കണമെന്നും മുഖ്യ ശാസ്‌ത്ര ഉപദേഷ്‌ടാവ് ഡോ.വിജയ് രാഘവന് നല്‍കിയ കത്തില്‍ വിദഗ്ദ്ധര്‍ ഒരുപോലെ ആവശ്യപ്പെടുന്നു.

വിവിധ പരീക്ഷണങ്ങളിലെ ഫലങ്ങളും കത്തിനൊപ്പം വിദഗ്ദ്ധര്‍ വച്ചിരുന്നു. പ്ളാസ്‌മ തെറാപ്പികൊണ്ട് പ്രത്യേകിച്ച്‌ ഫലങ്ങളൊന്നുമില്ലെന്നും എന്നാല്‍ ഇപ്പോഴും ഇത് കൊവിഡിനെതിരെ ചികിത്സയ്‌ക്കായി നടപ്പാക്കുന്നതായുമാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വളരെ വിരളമായ പ്ളാസ്‌മയ്‌ക്ക് വേണ്ടി രോഗികളുടെ ബന്ധുക്കള്‍ നെട്ടോട്ടമോടുകയാണ്.

അശാസ്‌ത്രീമായ പ്ളാസ്‌മ ഉപയോഗം കൂടുതല്‍ വൈറസ് വകഭേദങ്ങളെ സൃഷ്‌ടിക്കാന്‍ കാരണമാകുമെന്നും വിദഗ്ദ്ധര്‍ ഭയപ്പെടുന്നു. ഇത് നിലവിലെ രോഗവ്യാപനം ഇരട്ടിപ്പിക്കും.അതിനാല്‍ പ്ളാസ്‌മാ തെറാപ്പി തന്നെ നിര്‍ത്തലാക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.