കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന രോഹിത് കുമാർ ബെംഗളൂരു എഫ്സിയിലേക്ക് ചേക്കേറുന്നു. മധ്യനിര താരമായ രോഹിത് കഴിഞ്ഞ സീസണിൽ ഹൈദരാബാദ് എഫ്സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. മാനേജ്മെൻ്റുമായുള്ള പരസ്പര ധാരണയോടെയാണ് താരം ബെംഗളൂരുവിലേക്ക് പോകാൻ തീരുമാനിച്ചത്.

ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ സീസണിൽ 11 മത്സരങ്ങളിലാണ് യുവതാരം ബൂട്ടുകെട്ടിയത്. 6 മത്സരങ്ങളിൽ സ്റ്റാർട്ടിംഗ് ഇലവനിൽ കളിച്ചു. ഭേദപ്പെട്ട പ്രകടനങ്ങളാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ കാഴ്ചവച്ചത്. ബ്ലാസ്റ്റേഴ്സിനായി മൊത്തം 17 ടാക്കിളുകളും 8 ഇന്റർസെപ്ഷനുകളും, നാല് ക്ലിയറൻസുകളും അദ്ദേഹം നടത്തി.

അതേസമയം, എഎഫ്സി കപ്പ് മത്സരങ്ങൾക്കായി മാൽദീവ്സിലെത്തിയ ഐഎസ്എൽ ക്ലബ് ബെംഗളൂരു എഫ്സിയോട് രാജ്യം വിടാൻ മാൽദീവ്സ് ആവശ്യപ്പെട്ടിരുന്നു. ടീമിലെ മൂന്ന് അംഗങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് രാജ്യം വിടാൻ മാൽദീവ്സ് നിർദ്ദേശം നൽകിയിരിക്കുന്നത്. മൂന്ന് വിദേശ താരങ്ങളാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതെന്നും അവർക്കെതിരെ കടുത്ത നടപടി എടുക്കുമെന്നും ക്ലബ് ഉടമ പാർത്ഥ് ജിൻഡാൽ പറഞ്ഞു. മാൽദീവ്സ് ക്ലബ് ഈഗിൾസിനെതിരായ എഎഫ്സി കപ്പ് പ്ലേഓഫ് പ്ലേ ഓഫിനു വേണ്ടി വെള്ളിയാഴ്ചയാണ് ബെംഗളൂരു എഫ്സി ദ്വീപരാഷ്ട്രത്തിലെത്തിയത്. ഇന്നാണ് മത്സരം തീരുമാനിച്ചിരുന്നത്. ബെംഗളൂരു എഫ്സി താരങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാൽ ഈ മത്സരം മാറ്റിവച്ചിരുന്നു. താരങ്ങൾ മാൽദീവ്സിൽ നിന്ന് ഇന്ത്യയിലെത്തുകയും ചെയ്തു.