ന്യൂഡല്‍ഹി: 25 സംസ്ഥാനങ്ങളിലെ ത്രിതലപഞ്ചായത്തുകള്‍ക്ക് കോവിഡ് പ്രതിരോധത്തിന് സഹായധനമായി 8923.8 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഇതിലൂടെ കേരളത്തിന് 240.6 കോടി രൂപ ലഭിക്കും.

2021-22ലെ യുണൈറ്റഡ് ഗ്രാന്റിന്റെ ആദ്യഘട്ടം എന്നനിലയില്‍ പണം ശനിയാഴ്ച കൈമാറിയതായി കേന്ദ്രധനമന്ത്രാലയത്തിന്റെ ധനവിനിയോഗവകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.

പതിനഞ്ചാം ധനകാര്യകമ്മിഷന്റെ നിര്‍ദേശപ്രകാരം യുണൈറ്റഡ് ഗ്രാന്റിന്റെ ആദ്യഘട്ടം ജൂണിലാണ് വിതരണംചെയ്യേണ്ടത്.

എന്നാല്‍, കോവിഡ് പ്രതിരോധനടപടികള്‍ക്കായി പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം മുന്‍കൂര്‍ നല്‍കുകയായിരുന്നു.