പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ ഡിജിപി സുധേഷ് കുമാരിന്റെ മകള്‍ക്കെതിരെ കുറ്റപത്രം നല്‍കിയേക്കും. തുടര്‍നടപടികള്‍ ക്രൈംബ്രാഞ്തിന് തീരുമാനിക്കാമെന്ന് ഡിജിപി നിലപാടെടുത്തു. ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് സര്‍ക്കാരിന്റെ അഭിപ്രായം തേടിയേക്കും. പൊലീസ് മേധാവി സ്ഥാനത്തേക്ക് സുധേഷ് കുമാറിനെ പരിഗണിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

മൂന്നുവര്‍ഷം മുമ്പാണ് ഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചത്. സംഭവം വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ് ഗവാസ്‌കര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മര്‍ദനവുമായി ബന്ധപ്പെട്ട് ഗവാസ്‌കറിന്റെ ഭാര്യ രേഷ്മ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി നേരിട്ട് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.