കൊച്ചി: രാജ്യത്തെ അതിവേഗം വളരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നായ ജെ ബി കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ജെബിസിപിഎല്‍) വൃക്കരോഗ മേഖലയിലേക്ക് കടക്കുന്നു. ഇതിനായി ‘റെനോവ’ എന്ന പേരില്‍ പുതിയ ഡിവിഷന് കമ്പനി രൂപം നല്‍കി. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നു നിര്‍മിക്കുന്ന മുന്‍നിരകമ്പനികളിലൊന്നാണ് ജെബി കെമിക്കല്‍സ്.

വിട്ടുമാറാത്ത വൃക്ക രോഗത്തിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്ന രോഗികളുടെ ആവശ്യം നിറവേറ്റുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. വൃക്കരോഗികളിലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതു മുതല്‍ വൃക്കരോഗത്തിനുള്ള മരുന്നുകള്‍ വരെ നിര്‍മിക്കുവാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. സിലാക്കര്‍, നിക്കാര്‍ഡിയ എന്നിവ ജെബി കെമിക്കല്‍സിന്റെ രണ്ടു പ്രശസ്ത രക്തസമ്മര്‍ദ്ദ നിയന്ത്രണ മുരുന്നുകളാണ്.

വിട്ടുമാറാത്ത വൃക്കരോഗം (ക്രോണിക് കിഡ്‌നി ഡിസീസ്-സികെഡി) ലോകത്തൊട്ടാകെയുള്ള മരണത്തിന്റെ ഏറ്റവും സാധാരണ കാരണമായി മാറിയിരിക്കുകയാണെന്ന് 2015 ലെ ഗ്ലോബല്‍ ഡിസീസ് ബര്‍ഡന്‍ റിപ്പോര്‍ട്ട് പറയുന്നു. ആഗോളതലത്തിലുള്ള രോഗാവസ്ഥയ്ക്കും മരണത്തിനുമുള്ള പ്രധാനകാരണമായി സികെഡി ഉയര്‍ന്നുവന്നിരിക്കുകയാണെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പത്തുവര്‍ഷത്തിനിടയില്‍ വൃക്കരോഗംമൂലമുള്ള മരണനിരക്ക് 37.1 ശതമാനം ഉയര്‍ന്നു. വിട്ടുമാറാത്ത വൃക്കരോഗങ്ങളുടെ ഇന്ത്യയിലെ അവസ്ഥ ശരിയായി വിലയിരുത്തിയിട്ടില്ല. എങ്കിലും ദശലക്ഷം ജനസംഖ്യയില്‍ 800 പേര്‍ക്ക് വിട്ടുമാറാത്ത വൃക്കരോഗം പിടിപെടുന്നുവെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 150-200 രോഗികള്‍ അവസാന സ്റ്റേജിലാണെന്നും കണക്കാക്കുന്നു.

നിര്‍ഭാഗ്യവശാല്‍ വൃക്കരോഗികളില്‍ ചെറിയൊരു ഭാഗം മാത്രമേ ഡോക്ടര്‍മാരുടെ അടുത്തേയ്ക്ക് എത്തുന്നുള്ളു. രോഗം മൂര്‍ച്ഛിച്ചതിനുശേഷമാണ് രോഗികളില്‍ കൂടുതലും ഡോക്ടര്‍മാരുടെ അടുത്തെത്തുന്നത്. അതിനാല്‍ തന്നെ വ്യക്തമായ ഒരു ഇടപെടല്‍ ഈ മേഖലയില്‍ ഏറ്റവും ആവശ്യമാണ്.

”വിട്ടുമാറാത്ത വൃക്കരോഗം രാജ്യത്തെ ഒരു പ്രധാന പ്രശ്‌നമാണെന്നും വൃക്കരോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയാണെന്നും രക്തസമ്മര്‍ദ്ദ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിരക്കാരില്‍ ഒരു കമ്പനിയെന്ന നിലയില്‍ ഇത് മനസിലാക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. വിട്ടുമാറാത്ത വൃക്കരോഗത്തെത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്ന നിരവധി കേസുകളുമുണ്ട്. ഞങ്ങള്‍ മുന്‍കൈ എടുത്ത് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള ഈ ഡിവിഷന്‍ വൃക്കരോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.” ജെബി കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഹോള്‍ടൈം ഡയറക്ടറും സിഇഒയുമായ നിഖില്‍ ചോപ്ര പറയുന്നു.

”രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ജെബിസിപിഎല്‍ പ്രതിജ്ഞാബദ്ധമാണ്. ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള നെഫ്രോളജി ഡിവിഷന്‍ അതിനു തെളിവാണ്. ഈ സംരംഭത്തിനുപുറമെ, വിട്ടുമാറാത്ത വൃക്കരോഗത്തെക്കുറിച്ചു അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരാനുദ്ദേശിക്കുന്നു. ഇത് രോഗികളെ എത്രയും വേഗം ഡോക്ടറെ സമീപിക്കാന്‍ പ്രാപ്തമാക്കും”, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഈ പുതിയ ഡിവിഷനും രോഗികളെ കേന്ദ്രീകരിച്ചുള്ള സംരംഭങ്ങളും ആരംഭിക്കുന്നതിലൂടെ, വൃക്കരോഗികളുടെ ചികിത്സാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ജെബി കെമിക്കല്‍സിന് കഴിയും. മാത്രവുമല്ല, നെഫ്രോളജിസ്റ്റുകള്‍ക്കും ഫിസിഷ്യന്‍മാര്‍ക്കും രോഗികള്‍ക്ക് വ്യത്യസ്ത ചികിത്സാ മാര്‍ഗങ്ങള്‍ നല്‍കാനും ആത്യന്തികമായി രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഈ സംരംഭം സഹായിക്കും. വൃക്കരോഗികള്‍ക്ക് സമഗ്രമായ പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെ ജെബിസിപിഎല്‍ ഈ ഡിവിഷു കീഴില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കും.