നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യഘട്ടം പൂര്‍ത്തിയാകുമ്ബോള്‍ ചരിത്രം തിരുത്തിയെഴുതുന്നതിന്റെ സൂചന നല്‍കി എട്ടു ജില്ലകളില്‍ എല്‍ഡിഎഫ് മുന്നില്‍. വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്ബോള്‍ 90 സീറ്റുകളില്‍ എല്‍ഡിഎഫും 48 സീറ്റുകളില്‍ യുഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുകയാണ്. നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട് മെട്രോമാന്‍ ഇ. ശ്രീധരനുമാണ് മുന്നിലുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് എല്‍ഡിഎഫ് മുന്നില്‍ നില്‍ക്കുന്നത്. കോട്ടയം, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്ബോള്‍ എറണാകുളം ഉള്‍പ്പെടെ പരമ്ബരാഗതമായി യുഡിഎഫിനെ തുണയ്ക്കുന്ന മണ്ഡലങ്ങളില്‍ യുഡിഎഫ് ലീഡ് തുടരുകയാണ്. തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളില്‍ 12 ഇടങ്ങളില്‍ എല്‍ഡിഎഫ് മുന്നിലാണ്. ഒരിടത്ത് എന്‍ഡിഎയും മുന്നിട്ടു നില്‍ക്കുന്നു. കൊല്ലത്ത് 11 മണ്ഡലങ്ങളില്‍ ഏഴിടത്ത് എല്‍ഡിഎഫ് മുന്നിലാണ് നാലിടത്താണ് യുഡിഎഫ് മുന്നിലുള്ളത്. പത്തനംതിട്ടയിലെ അഞ്ച് മണ്ഡലങ്ങളില്‍ നാലിലും എല്‍ഡിഎഫ് മുന്നിലുണ്ട്.

ആലപ്പുഴയിലെ ഒമ്ബത് മണ്ഡലത്തില്‍ എട്ടും എല്‍ഡിഎഫിനൊപ്പം പോന്നപ്പോള്‍ രമേശ ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് മാത്രം യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു. ഇടുക്കിയിലെ അഞ്ച് സീറ്റുകളില്‍ മൂന്നും എല്‍ഡിഎഫിന് മുന്‍തൂക്കം നല്‍കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. തൃശൂരില്‍ 13 ല്‍ 13 ും എല്‍ഡിഎഫ് നേടി. പാലക്കാട്ടെ 12 സീറ്റുകളില്‍ ഒമ്ബതു സീറ്റും നേടി എല്‍ഡിഎഫ് മുന്നിലാണ്. യുഡിഎഫിന് രണ്ടു സീറ്റിലേ മുന്‍തൂക്കം കാട്ടാനാകുന്നുള്ളൂ. എന്‍ഡിഎ ഒരിടത്ത് മുന്നിലാണ്. കോഴിക്കോട് എല്‍ഡിഎഫ് എട്ടു സീറ്റിലും യുഡിഎഫ് അഞ്ചിലും മുന്നിട്ടു നില്‍ക്കുകയാണ്. കണ്ണൂരിലെ 11 സീറ്റില്‍ 10 സീറ്റും എല്‍ഡിഎഫ് മുന്‍തൂക്കം നേടി. യുഡിഎഫിന് നേടാനായത് ഒരെണ്ണം.

കാസര്‍ഗോഡ് യുഡിഎഫ് നാലു സീറ്റില്‍ മുന്നില്‍ നില്‍ക്കുമ്ബോള്‍ എല്‍ഡിഎഫിന് ഒരിടത്ത് മുന്നേറാനേ കഴിഞ്ഞിട്ടുള്ളൂ. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ ഏറെ പിന്നിലാണ്. വയനാട്ടില്‍ മൂന്ന് സീറ്റില്‍ യുഡിഎഫ് രണ്ടിടത്ത് മുന്നിട്ടു നില്‍ക്കുമ്ബോള്‍ എല്‍ഡിഎഫ് മുന്നിലുള്ളത് ഒരു സീറ്റില്‍. മലപ്പുറം യുഡിഎഫിന് വന്‍ മുന്നേറ്റം നല്‍കുന്ന പാരമ്ബര്യം വിട്ടില്ല. 13 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫിന് മൂന്ന് സീറ്റിലേ മുന്നിലെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. യുഡിഎഫ് കോട്ടയായ എറണാകുളത്ത് യുഡിഎഫ് എട്ടു സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുമ്ബോള്‍ എല്‍ഡിഎഫിന് ആറിടത്താണ് മുന്‍തുക്കം നേടാനാകുന്നത്.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കോട്ടയത്ത് എല്‍ഡിഎഫ് അഞ്ചിടങ്ങളിലും യുഡിഎഫ് നാലിടങ്ങളിലും മുന്നിട്ടു നില്‍ക്കുന്നു. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ഇവിടെ മുന്നിട്ടു നില്‍ക്കുമ്ബോള്‍ ജോസ് കെ മാണി മാണി സി കാപ്പനേക്കാള്‍ ഏറെ പിന്നിലാണ്. പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്ജ് മൂന്നാം സ്ഥാനത്താണ്. പാലക്കാട്ടും നേമത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്. നേമത്ത് കുമ്മനവും പാലക്കാട്ട് ഇ. ശ്രീധരനും മുന്നിലാണ്.