വോട്ടെണ്ണൽ ദിനമായ നാളെ സംസ്ഥാനത്ത് യാതൊരു വിധ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ല എന്നാവർത്തിച്ച് മുഖ്യമന്ത്രി. അനാവശ്യമായി പുറത്തിറങ്ങരുത്. കൂട്ടം കൂടുകയും ചെയ്യരുത്. നാടിൻ്റെ സാഹചര്യം അറിഞ്ഞ് പ്രവർത്തകർ പെരുമാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കാൻ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആളുകൾ തടിച്ചുകൂടരുത്. നിശ്ചിത എണ്ണം ആളുകലെയല്ലാതെ മറ്റാരെയും അവിടെ അനുവദിക്കില്ല. വോട്ടെണ്ണൽ കേന്ദ്രത്തിൽ ചുമതലപ്പെട്ടവരല്ലാതെ ആരും പോകരുത്.

ഫലപ്രഖ്യാപനം വരുമ്പോൾ പ്രവർത്തകർക്കെല്ലാം അതുവരെ അടക്കിവെച്ച ആവേശം പ്രകടിപ്പിക്കാൻ തോന്നും. എന്നാൽ ഇന്നത്തെ നാടിൻറെ സാഹചര്യം മനസ്സിലാക്കണം. ആഹ്ലാദ പ്രകടനത്തിൽ നിന്ന് എല്ലാവരും മാറിനിൽക്കണം.

നന്ദി പ്രകടിപ്പിക്കാൻ സ്ഥാനാർത്ഥികൾ ആളുകളെ പോകുന്ന പതിവ് ഇത്തവണ ഉണ്ടാവരുത്. കൊവിഡ് വ്യാപനത്തിന് ശമനം വന്നാൽ അത്തരം കാര്യങ്ങൾ ചെയ്യാം. ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി വോട്ടർമാരെ അഭിസംബോധന ചെയ്യാം. ജയിച്ചവർക്ക് ആഹ്ലാദ പ്രകടനം നടത്താൻ ആഗ്രഹം ഉണ്ടാവും. നാടിൻറെ അവസ്ഥ പരിഗണിച്ച് അതിൽ നിന്ന് മാറിനിൽക്കണം. കൊവിഡ് പ്രതിരോധത്തിൽ പങ്കെടുക്കുന്നതും സഹകരിക്കുന്നതുമാണ് ഇന്നത്തെ ഘട്ടത്തിലെ നന്ദിപ്രകടനം.

കൂട്ടം ചേർന്നുള്ള പ്രതികരണം തേടൽ മാധ്യമങ്ങളും ഒഴിവാക്കണം.