കേരളത്തില്‍ വ്യാപിക്കുന്നത്​ കോവിഡിന്‍റെ ഇന്ത്യന്‍ ഇരട്ട വകഭേദം എന്നറിയപ്പെടുന്ന ബി.1.617 ആണെന്ന റി​േപ്പാര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കെ, അതിനെ നശിപ്പിക്കാന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന കോവാക്​സിന്​ കഴിയുമെന്ന്​ വൈറ്റ്​ ഹൗസ്​ മുഖ്യ ആരോഗ്യ ഉപദേഷ്​ടാവിന്‍റെ കണ്ടെത്തല്‍.
സാംക്രമികരോഗ വിദഗ്ധനും അമേരിക്കയുടെ കോവിഡ് പ്രതിരോധ ദൗത്യസംഘം തലവനുമായ ഡോ. ആന്‍റണി ഫൗചിയാണ്​ ഇന്ത്യയിലെ കോവിഡ് വ്യാപനത്തിനുള്ള മറുമരുന്ന് വാക്സിനേഷന്‍ തന്നെയാണെന്നും കോവാക്​സിന്‍ ഇക്കാര്യത്തില്‍ ഫലപ്രദമാണെന്നും അഭിപ്രായ​പ്പെട്ടത്​.
‘കോവിഡ്​ വ്യാപനവുമായി ബന്ധപ്പെട്ട്​ ലോകം മുഴുവനുമുള്ള വിവരങ്ങള്‍ ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇന്ത്യയില്‍ കോവിഡ് ഭേദമായ ആളുകളുടേയും വാക്‌സിന്‍ സ്വീകരിച്ച ആളുകളുടേയും ഏറ്റവും പുതിയ വിവരങ്ങളും പരിശോധനാവി​ധേയമാക്കി. ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവാക്‌സിന്‍ ബി.1.617 വകഭേദത്തെ നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്​-‘ അദ്ദേഹത്തെ ഉദ്ധരിച്ച്‌​ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ ഇപ്പോള്‍ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും കോവിഡിനെതിരായ ഫലപ്രദമായ മറുമരുന്ന്​ വാക്​സിനേഷന്‍ ആണെന്ന്​ അദ്ദേഹം ആവര്‍ത്തിച്ച്‌​ വ്യക്​തമാക്കി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെയും (ഐ.സി.എം.ആര്‍) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടേയും പങ്കാളിത്തത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ ഇക്കാര്യത്തില്‍ ഫലപ്രദമാണെന്നാണ്​ ഡോ. ആന്‍റണി ഫൗചി പറയുന്നത്​. പരീക്ഷണഘട്ടത്തില്‍ കോവാക്​സിന്‍ 78 ശതമാനം ഫലപ്രാപ്തി കൈവരിച്ചുവെച്ച്‌​ ഐ.സി.എം.ആര്‍ അവകാശപ്പെട്ടിരുന്നു. കൊറോണ വൈറസിനെതിരെ ആന്‍റിബോഡിയുണ്ടാക്കാന്‍ പ്രതിരോധ സംവിധാനത്തെ പഠിപ്പിക്കുകയാണ് കോവാക്സിന്‍ ചെയ്യുന്നതെന്ന് വിദഗ്​ധര്‍ ചൂണ്ടിക്കാട്ടുന്നു.