തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം ഉള്‍പ്പെടെ അഞ്ചു സീറ്റുകള്‍ നേടുമെന്ന് ബിജെപി വിലയിരുത്തല്‍. കൂടുതല്‍ മണ്ഡലങ്ങളില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകുമെന്നും വിലയിരുത്തപ്പെടുന്നു. സിറ്റിംഗ് സീറ്റായ നേമം, കെ. സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരം, പാലക്കാട്, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലാണ് എന്‍ഡിഎയ്ക്ക് വിജയപ്രതീക്ഷയുള്ളത്. ഒട്ടേറെ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തുമെന്നും ഇത്തവണ അദ്ഭുതങ്ങള്‍ സംഭവിച്ചേക്കാമെന്നും പാര്‍ട്ടി പറയുന്നു.

നിയമസഭയിലും നിര്‍ണായക ശക്തിയായി മാറുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും പാലക്കാട് ഇ. ശ്രീധരനും ബി.ജെ.പിക്കു പുറത്തുള്ള വോട്ടുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ അട്ടിമറി വിജയം സംഭവിച്ചാല്‍ അത്ഭുതമില്ല. വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പിയുടെ വോട്ടുകള്‍ക്ക് പുറമെ കോണ്‍ഗ്രസില്‍ നിന്നുള്ള വോട്ടുചോര്‍ച്ച ഗുണപ്പെടും. കഴക്കൂട്ടത്ത് ശബരിമല വിഷയം കൂടുതല്‍ ചര്‍ച്ചയായതും എന്‍.എസ്.എസ്. നിലപാടും അനുകൂലമായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.