ഭരണസിരാകേന്ദ്രത്തില്‍ ആരെത്തുമെന്ന്‌ തീരുമാനിക്കുന്നതു നാലു ജില്ലകള്‍ ; ഇവിടുത്തെ 39 ല്‍ 35 സീറ്റുകളും എല്‍ഡിഎഫിന്റെ പക്കല്‍

തിരുവനന്തപുരം: കേരളത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രം പരിശോധിച്ചാല്‍ ഭരണസിരാകേന്ദ്രത്തില്‍ ആെരത്തുമെന്ന് എക്കാലവും തീരുമാനിക്കുന്നതു തെക്കുള്ള നാലു ജില്ലകളാണെന്നു കാണാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ ഫലമാണ് ഏറെ നിര്‍ണായകമാകുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഈ ജില്ലകള്‍ തൂത്തുവാരിയിരുന്നു. ഇക്കുറി അതു സംഭവിക്കുമോ? കാറ്റു തിരിച്ചുവീശുമോ?.. ഇതാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി മൊത്തം 39 സീറ്റാണുള്ളത്. പതിനാലാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കുന്ന സമയത്ത് ഇതില്‍ 35 സീറ്റ് ഇടതുമുന്നണിയുടെ പക്കലാണ്. നാലു സീറ്റ് മാത്രമാണ് യു.ഡി.എഫിനുള്ളത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ ഉടന്‍ ഇത് 34-05 എന്ന നിലയിലായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന്റെപക്കലുണ്ടായിരുന്ന വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലങ്ങള്‍ ഇടതുമുന്നണിയും ഇടതുമുന്നണിയുടെ െകെവശമിരുന്ന അരൂര്‍ യു.ഡി.എഫും പിടിച്ചെടുത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ഒഴികെ എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലും യു.ഡി.എഫ്. വന്‍ മാര്‍ജിനിലാണ് വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥിതി മാറി. നിലവില്‍ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍നിന്നു യു.ഡി.എഫിനു നിയമസഭയില്‍ ഒരു പ്രതിനിധിപോലുമില്ല. ഉപതെരഞ്ഞെടുപ്പിലാണ് പത്തനംതിട്ട ജില്ലയിലെ കോന്നി യു.ഡി.എഫിനു നഷ്ടമായത്. ആലപ്പുഴ ജില്ലയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാടും 2019ല്‍ ഉപതെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ച അരൂരും മാത്രമാണ് യു.ഡി.എഫിനു സ്വന്തമായുള്ളത്. തിരുവനന്തപുരത്തു വട്ടിയൂര്‍ക്കാവ്, കോവളം, അരുവിക്കര മണ്ഡലങ്ങള്‍ കയ്യിലുണ്ടായിരുന്നെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് നഷ്ടപ്പെട്ടു. 2016 ല്‍ ബി.ജെ.പി. ജയിച്ച നേമം മണ്ഡലവും തിരുവനന്തപുരം ജില്ലയിലാണ്.

ഇടതുമുന്നണിക്കു തുടര്‍ഭരണം ഉറപ്പാക്കണമെങ്കില്‍ ഇൗ ജില്ലകളിലെ പകുതിയിലേറെ സീറ്റുകള്‍ നിലനിര്‍ത്തണം. യു.ഡി.എഫിനു തിരിച്ചു ഭരണത്തിലെത്താന്‍ കുറഞ്ഞപക്ഷം 20 സീറ്റെങ്കിലും ഇവിടെനിന്നു ലഭിക്കണം. ബി.ജെ.പി. പ്രതീക്ഷവയ്ക്കുന്ന കോന്നി, നേമം, തിരുവനന്തപുരം സെന്‍ട്രല്‍, കഴക്കൂട്ടം എന്നിവയും ഈ ജില്ലകളിലാണ്. തെരഞ്ഞെടുപ്പില്‍ സജീവമായി ചര്‍ച്ചയായ ശബരിമല, ആഴക്കടല്‍ മത്സ്യബന്ധന വിവാദങ്ങള്‍ ഏറെ ബാധിക്കുന്നത് ഈ ജില്ലകളിലാണ്. അതുകൊണ്ടുതന്നെ ബി.ജെ.പിയും യു.ഡി.എഫും വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്.

വടക്കന്‍ കേരളത്തില്‍ ഇടതുമുന്നണിക്കു വ്യക്തമായ മേല്‍െകെ പല തെരഞ്ഞെടുപ്പുകളിലും പ്രകടമാണ്. മലപ്പുറം ജില്ലയിലെ ലീഗിന്റെ അപ്രമാദിത്വം ഒഴിവാക്കിയാല്‍ മറ്റു വടക്കന്‍ ജില്ലകളില്‍ ഇടതുമുന്നണിക്കുതന്നെയാണ് എപ്പോഴും മേല്‍െകെ. അതേസമയം, മധ്യകേരളം എപ്പോഴും യു.ഡി.എഫിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ ഈ രണ്ടു മേഖലകളും മുന്നണികള്‍ക്കു ഫിക്‌സഡ് ഡിപ്പോസിറ്റുകളാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ആ രീതിയല്ല പിന്തുടരുന്നത്. ഭരണമാറ്റം പലപ്പോഴും തീരുമാനിക്കുന്നത് ഈ ജില്ലകളാണ്. അതുകൊണ്ടാണ് ഇക്കുറിയും രാഷ്ട്രീയ നിരീക്ഷകരുടെ കണ്ണ് ഈ ജില്ലകളില്‍ പതിഞ്ഞിരിക്കുന്നത്