സമീപ കാലത്ത് അനധികൃത കുടിയേറ്റം വളരെയധികം വർധിച്ചു. അതിർത്തിയിൽ മലവെള്ളപ്പാച്ചിൽ പോലെ എത്തിയ കുടിയേറ്റക്കാരുടെ പ്രശ്നം കൈകാര്യം ചെയ്യുവാൻ ബുദ്ധിമുട്ടുന്ന അധികൃതർ അവരെ അതിർത്തിയുടെ അങ്ങേവശത്ത് തിരിച്ചയ്ക്കുകയാണ്. കഴിഞ്ഞ ആഴ്ച ആരംഭിച്ച ഈ നടപടിയിൽ ചിലപ്പോൾ അഭയാർഥി അപേക്ഷ നിരസിച്ച വിവരവും തുടർന്ന് ഹാജരാകേണ്ട തീയതിയും ഉണ്ടാകും. എന്നാൽ മറ്റുചിലർക്ക് ഒരു വിവരമോ രേഖയോ നൽകാതെയാണ് തിരിച്ചയ്ക്കുന്നത്. വീണ്ടും എപ്പോൾ വരണമെന്നോ, വരേണ്ടതേ ഇല്ലെന്നോ, യാതൊരു അറിയിപ്പും ലഭിക്കാത്തതിനാൽ എങ്ങോട്ട് പോകണം എന്നറിയാതെ ഇവർ വിഷമിക്കുന്നു.

ബോർഡർ പെട്രോളിന്റെ ജോലി വളരെയധികം വർധിച്ചതിനാൽ ജോലി ഇമ്മിഗ്രേഷൻ ആന്റ് കസ്റ്റംസ് ഏജൻസിയെ (ഐസിനെ) ഏല്പിച്ചിരിക്കുകയാണ്. കുടുംബങ്ങളെ ബുക്ക് ചെയ്ത റിക്കാർഡുകൾ സഹിതം മടക്കി അയയ്ക്കുന്നു. മാതാപിതാക്കളുടെ മാത്രം ഫോട്ടോകളും വിരലടയാളങ്ങളും എടുത്ത് സൂക്ഷിക്കുന്നു. അസാധാരണമായ ഈ നടപടി കഴിഞ്ഞ ആഴ്ചയാണ് ആരംഭിച്ചത്. ഏറ്റവും വലിയ തോതിൽ കുടിയേറ്റ കുടുംബങ്ങൾ എത്തുന്ന റിയോഗ്രാൻഡ് വാലിയിൽ ആണ് ഇത് ആരംഭിച്ചത്. അഡൽറ്റ് ബുക്കിംഗ് രേഖകളിൽ ഓരോ കുടുംബത്തോടും 60 ദിവസത്തിനുള്ളിൽ ഒരു ഐസ് ഓഫീസിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.‌

എന്നാൽ ചിലർക്ക് ഒരു രേഖയും ലഭിച്ചില്ല. അതിർത്തി നഗരമായ മിഷനിലെ ഔർ ലേഡി ഓഫ് ഗ്വാഡലു പേ കാത്തലിക് ചർച്ചിൽ കഴിയുന്നവർക്കാണ് പ്രധാനമായും ഒരു രേഖയും ലഭിക്കാത്തത്. യുഎസ് അധികാരികൾ റിലീസ് ചെയ്യുന്ന ഏകദേശം / നൂറ് കുടിയേറ്റക്കാർ ഓരോ രാത്രിയിലും ക്ലാസ് റൂമുകളിലെ കയറ്റുപായിൽ ഉറങ്ങാൻ എത്തിച്ചേരുകയാണ്.‌

കാർലോസ് എൻറിക് ലിങ്ക എന്ന 27 കാരനായ കുടിയേറ്റക്കാരൻ 5 വയസുള്ള തന്റെ മകൾക്കൊപ്പം ഒരാഴ്ചയായി രേഖകൾ പ്രതീക്ഷിച്ച് കഴിയുകയാണ്. യുഎസിലെ ടെന്നിസിയിലുള്ള സുഹൃത്തുമൊപ്പം ഒന്നുചേരാനാണ് ഇയാളുടെ ശ്രമം. അയാളുടെ ഭാര്യയും 2 വയസ്സുള്ള ഇരട്ടപെൺകുട്ടികളും, മൂന്ന് മാസമായ മറ്റൊരു കുട്ടിയും, ഇപ്പോഴും ഗ്വോട്ടിമാലയിലാണ്. ഗ്വോട്ടിമാലയിലുള്ള അയാളുടെ വീട് കഴിഞ്ഞ നവംബറിലെ കൊടുംകാറ്റിൽ തകർന്നു പോയി. ചർച്ച് ഞങ്ങളോട് പറഞ്ഞത് ചിലപ്പോൾ അപേക്ഷകളിൽ നടപടിയെടുക്കുമ്പോൾ തെറ്റ് പറ്റാം എന്നാണ്. ഒരുപാട് അപേക്ഷകരുണ്ട്. ചിലപ്പോൾ മറവി സംഭവിക്കാം. ലിങ്കയുടെ വാക്കുകളിൽ പ്രത്യാശ നിറഞ്ഞുനില്ക്കുന്നു.

എത്ര കുടിയേറ്റക്കാരുണ്ടെന്നോ, എത്ര പേർ കോടതി രേഖകളോടുകൂടിയോ, രേഖകളില്ലാതെയോ വിട്ടയച്ചുവെന്നോ വ്യക്തമാക്കാൻ ഏജൻസി തയാറായില്ല. കോടതി രേഖകളില്ലാതെ ചിലരെ വിട്ടയ്ക്കാൻ കാരണം രേഖകൾ തയാറാക്കാൻ പലപ്പോഴും മണിക്കൂറുകൾ എടുക്കുന്നതാണെന്ന് അധികൃതർ പറയുന്നു. റിയോഗ്രാൻഡ് വാലിയിലെ കാത്തലിക് ചാരിറ്റീസിലെ എക്സിക്യുട്ടീവ് ഡയറക്ടർ സിസ്റ്റർ നോർമപിമെന്റൽ പേപ്പർ വർക്ക് ഇല്ലാതെ റിലീസ് ചെയ്ത 10, 15 കുടുംബങ്ങളെകുറിച്ച് തനിക്കറിയാമെന്ന് പറഞ്ഞു.

കുടിയേറ്റക്കാരോട് ഐസുമായുള്ള 60 ദിവസത്തെ ചെക്ക് ഇന്നിൽ കോടതിയിൽ ഹാജരാകാനും ആവശ്യപ്പെടാറുണ്ട്. എന്നാൽ ഇത് എത്രമാത്രം കൃത്യമായി പാലിക്കപ്പെടുന്നുണ്ട് എന്ന് പറയാനാവില്ല. ഏറ്റവും തിരക്കേറിയ നിയമവിരുദ്ധ കുടിയേറ്റ കോറിഡോറായ റിയോഗ്രാൻഡ് വാലിയിൽ ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

ഒരു കോർട്ട് അപ്പിയറൻസ് നോട്ടീസ് തയാറാക്കാൻ ഒരുമണിക്കൂർ മുതൽ 90 മിനിട്ട് വരെ വേണ്ടിവരുമെന്ന് നാഷണൽ ബോർഡർ പെട്രോൾ കൗൺസിൽ എന്ന ഏജന്റുമാരുടെ യൂണിയൻ വക്താവ് ക്രിസ് കാബ്റേറ പറഞ്ഞു. അതിർത്തി കടന്നെത്തുന്നവരിൽ, പ്രത്യേകിച്ച് ഒറ്റയ്ക്കെത്തുന്ന കുട്ടികളിലും കുടുംബങ്ങളിലും വന്ന വർധനവ് ഹോൾഡിംഗ് ഫെസിലിറ്റികൾ നിറഞ്ഞുകവിയാൻ കാരണമായി.

കോടതി നോട്ടീസുകളോ രേഖകളോ ഇല്ലാതെ കുടിയേറ്റം നടത്തുന്നവരെ റിലീസ് ചെയ്യുന്നതിനെകുറിച്ച് ഇമ്മിഗ്രേഷൻ അറ്റേണിമാർ സമ്മിശ്ര പ്രതികരണം നടത്തി. കുടിയേറ്റം ആഗ്രഹിക്കുന്നവർ ഐസ് വഴി അപേക്ഷിക്കരുത് എന്നിവർ പറഞ്ഞു. ഇത് രാജ്യത്തിനകത്തുള്ളവർക്ക് ലഭ്യമായ മാർഗമാണ്. ഈ മാർഗത്തിൽ അപേക്ഷകർ കുറെക്കൂടി സൗഹൃദമായ സാഹചര്യത്തിൽ സിറ്റിസൺഷിപ്പ് ആന്റ് ഇമ്മിഗ്രേഷൻ സർവീസസ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്നു. അപേക്ഷ തിരസ്കരിച്ചാൽ ഒരു ഇമ്മിഗ്രേഷൻ ജഡ്ജിനോട് അപ്പീൽ നടത്താം എന്നിവർ പറയുന്നു.

ആദ്യം യുഎസ് അധികാരികൾ ഐസുമായി ബന്ധപ്പെടുവാൻ പോലും നിർദേശിച്ചിരുന്നില്ലെന്ന് ലോയേഴ്സ് ഫോർ ഗുഡ് ഗവൺമെന്റ്സ് പ്രോജക്ട് കോറസോൺ ലീഗൽ എയ്ഡ് പ്രോഗ്രാം ഡയറക്ടർ ചാർളീൻ ഡിക്രൂസ് പറഞ്ഞു. ഐസിനു കോടതിയിൽ ഹാജരാകാൻ നോട്ടീസ് നൽകാം. നോട്ടീസ് നൽകാതെയും ഇരിക്കാം എന്നാണ് ഡിക്രൂസിന്റെ അഭിപ്രായം. ഇമ്മിഗ്രേഷൻ കോടതികളിൽ ഇപ്പോൾ തന്നെ 1.3 മില്യൻ കേസുകൾ തീർപ്പാകാതെ കിടപ്പുണ്ട്.