മുംബൈ: റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കൊണ്ട് വന്ന് പാര്‍ക്ക് ചെയ്തത് എന്‍ഐഎ അറസ്റ്റ് ചെയ്ത പൊലീസുദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുടെ അസിസ്റ്റന്‍റ്. എന്‍ ഐഎ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബോംബ് നിറച്ച വാഹനത്തെ സച്ചിന്‍ വാസെ മറ്റൊരു വാഹനത്തില്‍ അനുഗമിച്ചെന്നും എന്‍ ഐഎ സ്ഥിരീകരിച്ചു. ഫിബ്രവരി 25നാണ് അംബാനിയുടെ വീടിന് മുന്നില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ച വാഹനം കണ്ടെത്തിയത്. ഈ വാഹനത്തിന്‍റെ ഉടമയായ മന്‍സുഖ് ഹിരണ്‍ എന്ന വ്യവസായി ഫിബ്രവരി 17ന് തന്‍റെ വാഹനം മുലുന്ദ്-എയ്‌റോളി റോഡില്‍ പാര്‍ക്ക് ചെയ്തു. അന്നുതന്നെ മുന്‍സുഖ് ഹിരണ്‍ ഈ വാഹനത്തിന്‍റെ താക്കോല്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി സച്ചിന്‍ വാസെയ്ക്ക് കൈമാറി.

പീന്നീട് ദുരൂഹസാഹചര്യത്തില്‍ മന്‍സുഖ് ഹിരന്‍റെ ജഡം കടലിടുക്കില്‍ കണ്ടെത്തുകയായിരുന്നു. മന്‍സുഖ് ഹിരണ്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ മന്‍സുഖ് ഹിരനെ കൊന്നതാണെന്നും സച്ചിന്‍ വാസെയാണ് ഇതിന് പിന്നിലെന്നും മന്‍സുഖ് ഹിരന്‍റെ ഭാര്യ വെളിപ്പെടുത്തിയതോടെയാണ് കേസന്വേഷണം മുംബൈ പൊലീസിന്‍റെ കയ്യില്‍ നിന്നും എന്‍ ഐഎ ഏറ്റെടുത്തത്. പിന്നീട് മന്‍സുഖ് ഹിരനെ വധിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച സച്ചിന്‍ വാസെയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മന്‍സുഖ് ഹിരണ്‍ ഫിബ്രവരി 17ന് മുലുന്ദ്-എയ്‌റോളി റോഡില്‍ പാര്‍ക്ക് ചെയ്ത വാഹനം പിന്നീട് വാസെയുടെ സ്വകാര്യഡ്രൈവര്‍ അവിടെ നിന്നും എടുത്ത് സച്ചിന്‍ വാസെ താമസിക്കുന്ന സാകേത് ഹൗസിങ് സൊസൈറ്റിയില്‍ പാര്‍ക്ക് ചെയ്തു. 19ന് ഡ്രൈവര്‍ വാഹനം ക്രഫോഡ് മാര്‍ക്കറ്റിലുള്ള പൊലീസ് ആസ്ഥാനത്ത് എത്തിച്ചു. ഫിബ്രവരി 21ന് വീണ്ടും വാഹനം വാസെയുടെ താമസസ്ഥലത്ത് ഡ്രൈവര്‍ എത്തിച്ചു. 25ന് രാത്രിവരെ വാഹനം അവിടെയായിരുന്നു. അന്ന് രാത്രി വാഹനം അംബാനിയുടെ ആഡംബരവസതിയായ ആന്‍റിലിയയ്ക്ക് മുന്നില്‍ എത്തിച്ച്‌ ഉപേക്ഷിച്ചു.

ഈ വാഹനത്തെ സച്ചിന്‍ വാസെ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നു. പിന്നീട് ഡ്രൈവര്‍ വാസെ ഒാടിച്ചിരുന്ന വാഹനത്തില്‍ കയറി മടങ്ങിപ്പോയി. പിന്നീട് നമ്ബര്‍ പ്ലേറ്റ് മാറ്റി വാസെയുടെ വാഹനം വീണ്ടും അംബാനിയുടെ വസതിക്ക് സമീപത്തെത്തി. അവിടെ നേരത്തെ ഉപേക്ഷിച്ച വാഹനത്തില്‍ ഇസ്ലാമിക തീവ്രവാദികളുടേതെന്ന് സംശയം തോന്നിക്കുന്ന ഭീഷണിക്കത്ത് വെച്ചു. സച്ചിന്‍ വാസെ തന്നെയാണ് പെട്ടെന്ന് തിരിച്ചറിയാനാവത്ത വേഷത്തില്‍ ഭീഷണിക്കത്ത് ആന്റിലിയയ്ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ വെച്ചതെന്നും പറയപ്പെടുന്നു.

ഈ വാഹനത്തിന്‍റെ നീക്കങ്ങള്‍ പുറത്ത് ഒരാളും അറിയാതിരിക്കാന്‍ സച്ചിന്‍ വാസെയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം താമസിച്ച സാകേത് സൊസൈറ്റിയിലേയും പൊലീസ് ആസ്ഥാനത്തെയും സിസിടിവികള്‍ നശിപ്പിച്ചിരുന്നതായും എന്‍ ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ ഗൂഡാലോചനയില്‍ മറ്റ് ഏതൊക്കെ വമ്ബന്മാര്‍ പങ്കാളികളായിട്ടുണ്ടെന്ന കാര്യമാണ് ഇപ്പോള്‍ എന്‍ ഐഎ അന്വേഷിക്കുന്നത്. ഇതിന് മുംബൈ പൊലീസ് ആസ്ഥാനത്തെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ ഐഎ ശേഖരിച്ചു. 45 ദിവസത്തിനുള്ളില്‍ സച്ചിന്‍ വാസെയുമായി കൂടിക്കാഴ്ച നടത്തിയവരുടെ വിവരങ്ങള്‍ ശേഖരിക്കും.

ഇതിനിടെ ഈ ഗൂഡനീക്കങ്ങളില്‍ സ്വകാര്യത കാത്ത് സൂക്ഷിക്കാന്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ സച്ചിന്‍ വാസെ താമസിച്ചതായും എന്‍ഐഎ പറഞ്ഞു. ഇതിന് സച്ചിന്‍ വാസെയ്ക്ക് പണം നല്‍കിയത് മറ്റൊരു ബിസിനസ്സുകാരനാണെന്ന് പറയുന്നു. അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപേക്ഷിച്ചതും അതിനുള്ളില്‍ ഇസ്ലാമിക ഭീകരവാദികളുടേതെന്ന് സംശയിക്കുന്ന ഭീഷണിക്കത്തും വെച്ചത് അംബാനിയില്‍ നിന്നും സുരക്ഷയുടെ പേരില്‍ വന്‍തുക പിടുങ്ങാനായിരുന്നുവെന്നും പറയപ്പെടുന്നു.