യുഎഇയുടെ ഹോപ്പ് ചൊവ്വാ ദൗത്യ പേടകം രണ്ടാം ഭ്രമണപഥത്തിലേക്കുള്ള സ്ഥാനമാറ്റം ആരംഭിച്ചു. ക്യാപ്‌ചര്‍ ഓര്‍ബിറ്റില്‍ നിന്ന് സയന്‍സ് ഓര്‍ബിറ്റിലേക്കാണ് പേടകത്തിന്റെ സ്ഥാനമാറ്റം. ഈ ഘട്ടം ഏപ്രില്‍ 14നു പൂര്‍ത്തിയാകും.

ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ച ശേഷം, ഹോപ് പ്രോബ് ദീര്‍ഘ വൃത്താകൃതിയിലുള്ള ക്യാപ്‌ചര്‍ ഭ്രമണപഥത്തില്‍ തന്നെ തുടരുകയായിരുന്നു. ചൊവ്വയുടെ ഗ്രഹ പ്രതലത്തില്‍ നിന്ന് 1,063 കിലോമീറ്ററാണ് ഈ ഭ്രമണപഥത്തിന്റെ കുറഞ്ഞ ദൂരം. 42,461 കിലോമീറ്ററാണ് കൂടിയ ദൂരം.

ക്യാപ്‌ചര്‍ ഭ്രമണപഥത്തിലായിരിക്കുമ്ബോള്‍, ഹോപ് പ്രോബ് മൂന്ന് ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ ഇതുവരെ ചൊവ്വയുടെ 825 ചിത്രങ്ങള്‍ പകര്‍ത്തി, ചൊവ്വയുടെ അന്തരീക്ഷവുമായി ബന്ധപ്പെട്ട 30 ജിബി പുതിയ ഡേറ്റ ഇതിലൂടെ ശേഖരിക്കുകയും ചെയ്തു.

സയന്‍സ് ഓര്‍ബിറ്റിന് ചൊവ്വാ പ്രതലവുമായുള്ള ചുരുങ്ങിയ ദൂരം 20,000 കിലോമീറ്ററും കൂടിയ ദൂരം 43,000 കിലോമീറ്ററുമാണ്. ഈ ഭ്രമണ പഥത്തിലൂടെ ഓരോ 55 മണിക്കൂറിലും ഹോപ്പ് ഒരു പരിക്രമണം പൂര്‍ത്തിയാക്കുകയും ഓരോ ഒമ്ബത് ദിവസത്തിലും പൂര്‍ണ ഗ്രഹ ഡേറ്റ സാമ്ബിള്‍ ശേഖരിക്കുകയും ചെയ്യും.

“ഹോപ്പ് പ്രോബ് ഒരു വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. ചൊവ്വാ അന്തരീക്ഷത്തിന്റെ പൂര്‍ണ ചിത്രം ലഭ്യമാക്കുക എന്ന അതിന്റെ പ്രധാന ലക്ഷ്യത്തിലേക്ക് ഈ ദൗത്യത്തിന്റെ ആദ്യ ദിവസം മുതല്‍ പേടകം അടുത്തുകൊണ്ടിരിക്കുകയാണ്,” എമിറേറ്റ്സ് മാര്‍സ് മിഷന്‍ (ഇഎംഎം) പ്രോജക്‌ട് ഡയറക്ടര്‍ ഒമ്രാന്‍ ഷറഫ് പറഞ്ഞു.

2020 ജൂലായ് 21-നാണ് ഹോപ്പ് വിക്ഷേപിച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.58-ന് ജപ്പാനിലെ താനെഗാഷിമ സ്‌പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. ഭൗമോപരിതലത്തില്‍നിന്ന് 49.4 കോടി കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഹോപ്പ് പ്രോബ് ചൊവ്വയിലെത്തിയത്. പേടകം 687 ദിവസം ചൊവ്വയെ ഭ്രമണം ചെയ്യും.

ചൊവ്വയിലേക്ക് പര്യവേഷണ പേടകം അയച്ച ആദ്യ ഗള്‍ഫ് രാജ്യവും ലോകത്തെ അഞ്ചാമത്തെ രാജ്യവുമാണ് യുഎഇ. നേരത്തെ ഇന്ത്യയുടെയും യുഎസ്, യൂറോപ്യന്‍ യൂണിയന്‍, മുന്‍ സോവിയറ്റ് യൂണിയന്‍ എന്നിവയുടെയും പര്യവേഷണ പേടകങ്ങള്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയിട്ടുണ്ട്.

200 ദിവസത്തെ യാത്രയ്‌ക്കൊടുവില്‍, യുഎഇ രൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. ഹോപ്പ് ഭ്രമണപഥത്തിലെത്തിയതിനെ വലിയ ആഘോഷമായാണ് യുഎഇ കൊണ്ടാടിയത്.

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും താപനിലയെക്കുറിച്ചും മനസ്സിലാക്കാനുള്ള ഇന്‍ഫ്രാറെഡ് സ്പെക്‌ട്രോമീറ്റര്‍, ഓസോണ്‍ പാളികളെക്കുറിച്ചു പഠിക്കാനുള്ള ഇമേജര്‍, ഓക്സിജന്റെയും ഹൈഡ്രജന്റെയും തോത് നിര്‍ണയിക്കാനുള്ള അള്‍ട്രാവയലറ്റ് സ്പെക്‌ട്രോ മീറ്റര്‍ എന്നീ മൂന്ന് ഘടകങ്ങളാണ് ഹോപ്പിലുള്ളത്.

സമീപകാലത്തായി ബഹിരാകാശ ഗവേഷണരംഗത്ത് യുഎഇ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ ഹസ്സ അല്‍ മന്‍സൂരി 2019 സെപ്റ്റംബറില്‍ മറ്റു രാജ്യങ്ങളിലെ സഞ്ചാരികള്‍ക്കൊപ്പം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തിയിരുന്നു. മുന്‍ സൈനിക പൈലറ്റായ മന്‍സൂരി എട്ടുദിവസത്തിനുശേഷമാണ് തിരിച്ചെത്തിയത്. 2117 ഓടെ ചൊവ്വയില്‍ മനുഷ്യ കോളനി പണിയാന്‍ യുഎഇ ലക്ഷ്യമിട്ടിട്ടുണ്ട്.