ഭീമന്‍ ആമകളും ബോഹെഡ് സ്രാവുകളുമാണ് ഏറ്റവുമധികം കാലം ജീവിച്ചിരിക്കുന്ന ജീവികള്‍ എന്നാണ് നമ്മളില്‍ പലരും വിശ്വസിച്ചിരുന്നത്. ആമകള്‍ക്ക് 150-160 വര്‍ഷം വരെ ജീവിക്കാന്‍ സാധിക്കും. ബോഹെഡ് സ്രാവുകള്‍ക്കാണെഘങ്കില്‍ 200 ഓളം വര്‍ഷവും. എന്നാല്‍ ശാസ്ത്ര ലോകത്തെ വരെ ഞെട്ടിച്ചുകാെണ്ടാണ് ഗ്രീന്‍ലാന്റ് സ്രാവുകള്‍ എത്തിയിരിക്കുന്നത്. 400 വര്‍ഷത്തോളം കാലം ജീവിച്ച ഗ്രീന്‍ലാന്റ് സ്രാവിനെയാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ അമേരിക്കയേക്കാള്‍ പ്രായം.

ആര്‍ട്ടിക് സമുദ്രത്തില്‍ ഇത്തര ഗ്രീന്‍ലാന്റ് സ്രാവുകള്‍ ജീവിച്ചിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. 28 സ്രാവുകളെയാണ് ഇവര്‍ പരീക്ഷണത്തിന് വിധേയമാക്കിയത്. അതില്‍ ഒരു സ്രാവിന് ഏകദേശം 392 ഓളം വയസായി എന്നാണ് കണ്ടെത്തല്‍. ഇവയുടെ ആയുര്‍ദൈര്‍ഘ്യം 272 വയസിനും 512 വയസിനും ഇടയിലാണെന്നും തെളിഞ്ഞിട്ടുണ്ട്.

റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ് വഴി സ്രാവുകളുടെ കണ്ണിലെ പ്രോട്ടീന്‍ പരിശോധിച്ചതിലൂടെയാണ് പ്രായം കണ്ടെത്തിയത്. പ്രായത്തിനനുസരിച്ച്‌ ക്ഷയിക്കുന്ന കാര്‍ബണ്‍ 14 ന്റെ അളവ് കാര്‍ബണ്‍ ഡേറ്റിംഗിലൂടെ കണ്ടെത്താന്‍ സാധിക്കും.

വലുപ്പത്തില്‍ ഏറെ മുന്‍പിലാണെങ്കിലും ഗ്രീന്‍ലാന്‍റ് സ്രാവുകള്‍ സാവധാനത്തില്‍ മാത്രം വളര്‍ച്ച കൈവരിക്കുന്നവയാണെന്ന് ഗവേഷകര്‍ പറയുന്നു. ഏകദേശം 150 വയസാകുമ്ബോള്‍ മാത്രമെ പെണ്‍സ്രാവുകള്‍ പൂര്‍ണവളര്‍ച്ചയിലെത്തുകയുള്ളു.