മനുഷ്യപ്രതിരോധ വ്യവസ്ഥയ്ക്ക് തീര്‍ത്തും അജ്ഞാതമായ ബാക്ടീരിയകളെ ശാന്ത സമുദ്രത്തില്‍ നിന്നും കണ്ടെത്തി. യു.എസിന്റെ അധീനതയിലുള്ള ഹവായിയില്‍ നിന്ന് 1650 മൈല്‍ അകലെ കിരിബാറ്റിയുടെ ഭാഗമായുള്ള ഫീനിക്സ് ദ്വീപിന് സമീപത്തു നിന്നാണ് ബാക്‌ടീരിയകളെ കണ്ടെത്തിയത്. മനുഷ്യസ്പര്‍ശം അതികം ഏല്‍ക്കാത്ത വിദൂരമേഖലയാണിത്. ഇവിടുത്തെ സമുദ്രനിരപ്പില്‍ നിന്നു 13000 അടി താഴേക്ക് സുബാസ്റ്റ്യന്‍ എന്നു പേരിട്ട കുഞ്ഞന്‍ അന്തര്‍വാഹിനികളെ അയച്ചാണ് ബാക്‌ടീരിയകളെ കണ്ടെടുത്തത്. കിരിബാറ്റി ദ്വീപുകളിലേക്കു സമീപം ഒഴുകി നടക്കുന്ന ഒരു പരീക്ഷണശാലയിലാണ് ഇതിന്റെ ഗവേഷണം നടന്നത്.

വെള്ളത്തില്‍ നിന്നും കടലിലെ ചില ചെടികളില്‍ നിന്നുമാണ് ബാക്‌ടീരിയകളെ സംഭരിച്ചത്.മോറിടെല്ല എന്ന വിഭാഗത്തില്‍ പെടുന്നവയാണ് ബാക്‌ടീരിയകള്‍. ഇവയെ ശാസ്ത്രജ്ഞര്‍ പിന്നീട് കള്‍ച്ചര്‍ ചെയ്യുകയും നൂറിലധികം ടെസ്റ്റ് ട്യൂബുകളില്‍ സൂക്ഷിക്കുകയും ചെയ്തു.

ഇവയെ മനുഷ്യന്റെയും എലികളുടെയും പ്രതിരോധ കോശങ്ങളിലെത്തിച്ചു. എന്നാല്‍ ശാസ്ത്രജ്ഞരെ ഞെട്ടിച്ചു കൊണ്ടാണ് ഗവേഷണ ഫലം പുറത്തുവന്നത്. പ്രതിരോധ കോശങ്ങള്‍ ഈ ബാക്ടീരിയകളെ തിരിച്ചറിയുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടു.

കാര്യം പ്രതിരോധവ്യവസ്ഥയ്ക്ക് തിരിച്ചറിയാനായില്ലെങ്കിലും ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന മോറിടെല്ല എന്ന ബാക്‌ടീരിയ അപകടകാരിയല്ല എന്നാണ് നിലവിലെ വിലയിരുത്തല്‍. കടലില്‍ തന്നെ താമസമാക്കിയതുകൊണ്ട് മനുഷ്യനുള്‍പ്പെടയുള്ള ജീവികളെ ബാധിക്കാനുള്ള കഴിവ് ഇവയില്‍ വളര്‍ന്നിട്ടില്ല.

സമുദ്രാന്തര്‍ഭാഗത്ത് കുറഞ്ഞ താപനിലയും കടുത്ത സമ്മര്‍ദ്ദത്തിലും ജീവിച്ചു ശീലിച്ച ഇവയ്ക്ക് നമ്മള്‍ ജീവിക്കുന്ന ആവാസവ്യവസ്ഥ പറ്റില്ല. ഇവയെ ഇപ്പൊ റഫ്രിജറേറ്ററിലാണ് സൂക്ഷിക്കുന്നത്. ഇവിടുന്ന് ഇവ പുറത്തു ചാടിയാല്‍ അപ്പോള്‍ തന്നെ നശിക്കും. എന്നാല്‍ ആഴക്കടലില്‍ ചില ജീവികളെ ഇവ ബാധിക്കുന്നുണ്ടാകാം. അത്തരം ജീവികളെ കണ്ടെത്തി അവരുടെ പ്രതിരോധ വ്യവസ്ഥ ഇപ്പോള്‍ പഠിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍.