മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 40,014 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 27, 13,875 ആയി. 3, 25, 901 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

രോഗവ്യാപനം വീണ്ടും കൂടിയതോടെ ഞായറാഴ്ച മുതല്‍ മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യൂ ശക്തമാക്കിയിരുന്നു. ധാരാവി ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് കര്‍ശന നിരീക്ഷണം തുടരുകയാണ്. മുംബൈയില്‍ മാത്രം 24 മണിക്കൂറിനിടെ 6923 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

പ്രതിദിന കണക്ക് 40,000 കടന്നതോടെ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനൊരുങ്ങി മഹാരാഷ്ട്ര. ഇതിനായി വിശദമായ പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുകയാണ്. ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാത്ത തരത്തില്‍ ലോക്ഡൗണ്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.

രോഗവ്യാപനം കൂടിയതോടെ മഹാരാഷ്ട്രയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ നിറഞ്ഞു തുടങ്ങി. 3.57 ലക്ഷം കിടക്കകളാണ് കോവിഡ് ബാധിതര്‍ക്കായി മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.