അബുദാബി∙ യുഎഇയിലേക്കും തിരിച്ചുമുള്ള യാത്ര സുരക്ഷിതമാക്കാൻ ഫെഡറൽ കസ്റ്റംസ് അതോറിറ്റി (എഫ്സിഎ) പരിഷ്കരിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കി. ജിസിസി ഏകീകൃത കസ്റ്റംസ് നയങ്ങളും യുഎഇയുടെ പ്രത്യേക നിയമങ്ങളും ഇതിൽ ഉൾപ്പെടും.

ഗൾഫ് രാജ്യങ്ങളും യുഎഇയും നിരോധിച്ച ഉൽപന്നങ്ങൾ, വസ്തുക്കൾ, പരിധിയിൽ കവിഞ്ഞ പണം എന്നിവ ലഗേജിൽ പാടില്ല. ഇതുപോലെ അനുവദിച്ചതും നിരോധിച്ചതുമായുള്ള വസ്തുക്കൾ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

സുരക്ഷിതയാത്രയ്ക്ക് പരിഷ്കരിച്ച മാർഗനിർദേശം ഗുണം ചെയ്യുമെന്ന് എഫ്സിഎ ചെയർമാനും കസ്റ്റംസ് കമ്മിഷണറുമായ അലി സഈദ് മതാർ അല്‍ നെയാദി പറഞ്ഞു.

നിയമം ലംഘിച്ചാൽ തടവ്, പിഴ

നിയമലംഘകർക്കു തടവോ പിഴയോ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷ. അനധികൃതമായി രാജ്യത്ത് എത്തിക്കുന്ന വസ്തുക്കൾ കണ്ടുകെട്ടും. നിയമം സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ അറബിക്, ഇംഗ്ലിഷ്, ഉർദു എന്നീ ഭാഷകളിൽ ദൃശ്യങ്ങൾ പുറത്തിറക്കി. വിവരങ്ങൾക്ക് www.fca.gov.ae.

അപരിചിതരുടെ ലഗേജ് ഏറ്റെടുക്കേണ്ട

അപരിചിതരുടെയും ഉള്ളടക്കം എന്തെന്നു വെളിപ്പെടുത്താത്തവരുടെയും ലഗേജ് സ്വീകരിക്കുന്നതും കൈമാറുന്നതും സുരക്ഷിത യാത്രയ്ക്കു തടസ്സമാകും.മരുന്ന് കൈവശം വയ്ക്കുന്നവർ ഡോക്ടറുടെ കുറിപ്പടി കരുതണം. മരുന്ന് ബന്ധപ്പെട്ട രാജ്യം നിരോധിച്ചിട്ടില്ലെന്ന ഉറപ്പാക്കണം.
ലഹരി മരുന്ന്, ചൂതാട്ടത്തിനുള്ള വസ്തുക്കൾ, മെഷീനുകൾ, മീൻപിടിക്കാനുള്ള നൈലോൺ വല, പോർക്ക്, ആനക്കൊമ്പ്, ലേസർ പേന, വ്യാജ കറൻസി, ആണവായുധ വസ്തുക്കൾ, മതവികാരം വ്രണപ്പെടുത്തുന്ന പുസ്തകങ്ങൾ, ചിത്രങ്ങൾ, മറ്റു പ്രസിദ്ധീകരണങ്ങൾ, ശിൽപങ്ങൾ, പാൻ, വെറ്റില.

അനുമതിയോടെ കൊണ്ടുവരാം

മൃഗങ്ങൾ, ചെടി, വളം, കീടനാശിനി, ആയുധം, വെടിക്കെട്ടിനും മറ്റും ഉപയോഗിക്കുന്ന വെടിമരുന്ന്, പടക്കോപ്പുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മരുന്ന്, പ്രസിദ്ധീകരണങ്ങൾ, പുതിയ ടയറുകൾ, വാർത്താവിനിമയ വയർലസ് ഉപകരണങ്ങൾ, മദ്യം, സൗന്ദര്യവർധ–സംരക്ഷണ ഉൽപന്നങ്ങൾ, സംസ്കരിക്കാത്ത വജ്രം, പുകയില ഉൽപന്നങ്ങൾ എന്നിവയ്ക്ക് നിയന്ത്രണമുണ്ടെങ്കിലും ബന്ധപ്പെട്ട വകുപ്പുകളുടെയും അനുമതി എടുത്ത് കൊണ്ടുവരാം.

അനുവദനീയം

സിനിമ പ്രൊജക്ടർ, റേഡിയോ, സിഡി പ്ലെയർ, ഡിജിറ്റൽ ക്യാമറ, ടിവി, റിസീവർ (ഒന്നു മാത്രം). വ്യക്തിഗത കായിക ഉപകരണം, കംപ്യൂട്ടർ, പ്രിന്റർ, സ്വന്തം ഉപയോഗത്തിനുള്ള മരുന്ന് (നിരോധിതമല്ലാത്തവ), മൂല്യം 3000 ദിർഹത്തിൽ കൂടാത്ത സമ്മാനങ്ങൾ, സിഗരറ്റ് (200 എണ്ണം) എന്നിവ അനുവദനീയമാണ്. 18 വയസ്സിൽ താഴേയുള്ളവർക്ക് പുകയിലയും മദ്യവും കൊണ്ടുവരാൻ പാടില്ല. വിദേശ കറൻസിയുണ്ടെങ്കിൽ കസ്റ്റംസിൽ വെളിപ്പെടുത്തണം. 60,000 ദിർഹത്തിനു മുകളിലുള്ള സ്വർണ, വജ്രാഭരണങ്ങൾക്കു നികുതി നൽകേണ്ടിവരും.