ന്യൂയോർക്ക് ∙ കുടിയേറ്റ പ്രശ്നം റിപ്പബ്ലിക്കൻ നേതാക്കളെ ഒന്നിപ്പിക്കുവാൻ സഹായിക്കുമോ എന്ന ചോദ്യം യുഎസ് രാഷ്ട്രീയത്തിൽ സജീവമാകുകയാണ്. കുടിയേറ്റക്കാരെ മുഴുവൻ അമേരിക്കയിലേയ്ക്കു സ്വാഗതം ചെയ്യുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നയത്തിൽ ആകൃഷ്ടരായി അതിർത്തിക്ക് പുറത്ത് പ്രവേശനം കാത്ത് കിടക്കുന്ന അനധികൃത കുടിയേറ്റക്കാർ യുഎസിൽ കടന്നു തുടങ്ങി. അതിർത്തി സംസ്ഥാനമായ ടെക്സസിലെ ഡാലസിൽ കേ ബെയ്‍ലി ഹച്ചിസൺ കൺവെൻഷൻ സെന്ററിൽ കൗമാര പ്രായക്കാരായ 200 ഓളം കുടിയേറ്റക്കാരെ താൽക്കാലികമായി പാർപ്പിച്ചിരിക്കുകയാണ്.

ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് അതിർത്തി ഒരു നിർണായക ഘട്ടത്തിലാണെന്ന് പറഞ്ഞു. വീണ്ടും ബൈഡൻ ഭരണകൂടത്തെ നിശിതമായി വിമർശിക്കുകയും ചെയ്തു. ബൈഡന്റെ നയത്തിൽ അതിർത്തി കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാർ ധാരാളമായി വർധിച്ചു എന്നാരോപിച്ചു. മലവെള്ളപ്പാച്ചിലിന് വാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കുകയാണ്. ഭരണകൂടം ഇതിന് ഒട്ടും തയാറെടുത്തിരുന്നില്ല, ആബട്ട് പറഞ്ഞു. കുടിയേറ്റക്കാർ തങ്ങൾക്ക് പ്രതിബന്ധങ്ങൾ ഒന്നും ഇല്ലാതെ അതിർത്തി കടക്കാൻ കഴിയുന്ന ഒരു കാലം വരുമെന്ന് വിശ്വസിക്കുന്നു.

ഡാലസ് കൺവെൻഷൻ സെന്റർ 90 ദിവസത്തിനുള്ളിൽ 15 മുതൽ 17 വയസുവരെ പ്രായമുള്ള 3,000 ആൺകുട്ടികൾക്ക് സംരക്ഷണം നൽകും. ഈ കുട്ടികൾ നിയമപരമായി യുഎസിൽ അഭയം തേടുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയായിക്കഴിയുമ്പോൾ ഇവർ യുഎസിലുള്ള ബന്ധുഗൃഹങ്ങളിലേയ്ക്കോ ഫെഡറൽ ലോംഗ് ടേം കെയറിലേയ്ക്കോ പോകും. കൺവെൻഷൻ സെന്ററിന് ഫെഡറൽ അധികാരികൾ നൽകിയിരിക്കുന്ന പേര് ഡീകബ്രെഷൻ സെന്റർ എന്നാണ്. റിയോഗ്രാൻഡ് വാലിയിലെ ബോർഡർ പെട്രോൾ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാൻ പല സ്ഥലത്തും ഇത്തരം കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.

കുട്ടികളെ സ്വീകരിക്കുവാനുള്ള ഒരുക്കം ഏതാനും ദിവസം മുൻപ് ആരംഭിച്ചിരുന്നു. ഇവർ മിക്കവാറും മധ്യ അമേരിക്കയിൽ നിന്നുള്ളവരാണ്. അമേരിക്കൻ റെഡ് ക്രോസ് ജീവനക്കാരും കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഫെഡറൽ ആന്റി ട്രാഫിക്കിംഗ് നിയമം അനുസരിച്ച് ആരുംകൂടെയില്ലാതെ കുടിയേറുന്ന പ്രായപൂർത്തിയാകാത്ത വരെ 72 മണിക്കൂറിനുള്ളിൽ യുഎസ് കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആന്റ് ഹ്യൂമൻ സർവീസസിനെ ഏൽപ്പിച്ചിരിക്കണം.

ആബട്ട് ആവശ്യപ്പെടുന്നത് ബൈഡൻ ഭരണകൂടം കൗമാരക്കാരായ കുടിയേറ്റക്കാരുമായി മനുഷ്യക്കടത്ത് വിഷയം ചർച്ച ചെയ്യണമെന്നും കൂട്ടിന് പ്രായപൂർത്തിയായവർ ഇല്ലാതെ അതിർത്തി കടക്കുന്നത് ആപൽക്കരമാണെന്ന് ബോധ്യപ്പെടുത്തണമെന്നുമാണ്. ഏകരായ മൈനർ കുട്ടികൾ അതിർത്തി കടക്കുവാൻ ബൈഡൻ അവരെ പ്രലോഭിപ്പിക്കുകയാണെന്ന് ഗവർണർ ആരോപിച്ചു. ആബട്ടിന്റെ ആരോപണങ്ങളെകുറിച്ച് പ്രതികരിക്കുവാൻ വൈറ്റ് ഹൗസ് തയാറായില്ല. എച്ച്എച്ച്എസ് കുട്ടികൾക്ക് ശയ്യാ സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ്.

ബുധനാഴ്ചയാണ് ഫെഡറൽ എമർജെൻസി മാനേജ്മെന്റ് ഏജൻസി (ഫീമ) ഷെൽട്ടറുകൾ തുറന്നത്. രാഷ്ട്രീയ പോരിന് ഇത് കളമൊരുക്കി. റിപ്പബ്ലിക്കൻ ഗവർണർ ആബട്ട് വിമർശിച്ചപ്പോൾ ഡെമോക്രാറ്റ് കൗണ്ടി ജഡ്ജ് ക്ലേ ജെൻകിൻസ് നടപടി ന്യായീകരിച്ചു. പാത്ത് ടു സിറ്റിസൺഷിപ്പ് ബിൽ ജനപ്രതിനിധി സഭ 197 ന് എതിരെ 228 വോട്ടുകൾക്ക് പാസ്സാക്കി. പ്രായപൂർത്തിയാകാത്തവരെ അനധികൃതമായി അമേരിക്കയിൽ എത്തിച്ചുവെങ്കിലും കാലക്രമത്തിൽ അവർക്ക് പൗരത്വം ലഭിക്കുന്ന നടപടിക്രമങ്ങൾ വിശദീകരിക്കുന്ന ബില്ലാണ് ഇത്. കൂടുതൽ വിശദീകരണം നൽകുന്ന മറ്റൊരു ബില്ലിന് ഉദ്ദേശിച്ച അത്രയും പുരോഗതി നേടാൻ കഴിഞ്ഞിട്ടില്ല.

അഭയം നൽകൽ പ്രോത്സാഹിപ്പിക്കുമ്പോൾ കുറ്റത്തിന്റെ ശിക്ഷയും ഇളവു ചെയ്യുകയാണ് എന്ന് എതിരാളികൾ വർഷങ്ങളായി നടത്തിയിരുന്ന വിമർശനം തള്ളുന്ന നടപടിയാണിത്. ഓപ്പൺ ബോർഡർ എന്ന വിമർശനവും ഉയർന്നിരുന്നു. ബോർഡർ സുരക്ഷിതമാണ്, ഓപ്പൺ അല്ല എന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി അല ജാൻഡ്രോ മയോർകാസ് പ്രതികരിച്ചു. ഇതൊരു ആപൽഘട്ടമാണ് എന്ന വിശേഷണവും നിഷേധിച്ചു.

എന്നാൽ കുടിയേറ്റക്കാർ ഉയർത്തുന്ന ഒരു വലിയ വെല്ലുവിളിയാണെന്ന് പലരും സമ്മതിച്ചു. രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുവാൻ റിപ്പബ്ലിക്കനുകൾക്കും ഒരു വലിയ ബാധ്യതയായി ബൈഡനും മാറാവുന്ന ഒരു തീരുമാനമായി ഏറെ പേർ വിശേഷിപ്പിച്ചു. പല പ്രശ്നങ്ങളിലും ധൃതിയിൽ തീരുമാനം എടുക്കാത്ത പ്രസിഡന്റ് ഇക്കാര്യത്തിലും ആ നയം ആവർത്തിക്കേണ്ടതായിരുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് ഇടക്കാല തിരഞ്ഞെടുപ്പിന് ഒരു വർഷം ശേഷിക്കുമ്പോൾ പ്രതിപക്ഷം ഇത് പരമാവധി മുതലെടുക്കുവാൻ സാധ്യതയുണ്ട്.

ബോർഡർ പെട്രോൾ ഫെബ്രുവരിയിൽ, 1 ലക്ഷത്തോളം കുടിയേറ്റക്കാരെ തടഞ്ഞുവച്ചു. മെയ് 2019 ൽ ഉണ്ടായ 1,33,000 നടുത്ത് കുടിയേറ്റക്കാരെ തടഞ്ഞു വയ്ക്കലിനുശേഷം ഇതാദ്യമായാണ് ഇത്രയികം പേർ തടഞ്ഞ് വയ്ക്കപ്പെട്ടത്. 13,000 ൽ അധികം കൂട്ടില്ലാതെ എത്തിയ പ്രായപൂർത്തി ആയിട്ടില്ലാത്ത കുട്ടികൾ ഫെഡറൽ കസ്റ്റഡിയിൽ ഉണ്ടായി. 3,000 ൽ അധികം കുട്ടികളെ, ഷോർട്ട് ടേം ഫെസിലിറ്റികളിൽ 72 മണിക്കൂറിലധികം പാർപ്പിക്കേണ്ടി വന്നു.‌ ഇത് നിയമ ലംഘനമാണെങ്കിലും മറ്റ് മാർഗമില്ലാതെ ഇങ്ങനെ ചെയ്യേണ്ടിവന്നു എന്ന് അധികൃതർ വിശദീകരിക്കുന്നു. കൂട്ടിന് ആരും ഇല്ലാതെ 6 വയസുമാത്രം പ്രായമുള്ള കുട്ടികൾ വരെ അതിർത്തിയിൽ എത്തിയതായി മയോർകാസ് പറഞ്ഞു.