കോല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മമത ബാനാര്‍ജി ഇത്തവണ നന്ദിഗ്രാമില്‍ ജനവിധി തേടും.
തൃണമൂല്‍ വിട്ട സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ചാണ് മമത നന്ദിഗ്രാമിലെത്തിയിരിക്കുന്നത്. 291 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് തൃണമൂല്‍ ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. സഖ്യകക്ഷികള്‍ക്കായി മൂന്ന് സീറ്റുകള്‍ വിട്ടുകൊടുത്തതായി മമത അറിയിച്ചു.
സ്ഥാനാര്‍ഥി പട്ടികയില്‍ 50 പേര് സ്ത്രീകളാണ്. 294 അംഗ നിയമസഭയിലേക്ക് എട്ട് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. 20 സീറ്റിംഗ് എംഎല്‍എമാര്‍ക്കും സീറ്റില്ല. പ്രായവും മറ്റു കാരണങ്ങളും പരിഗണിച്ചാണ് ഇവരെ ഒഴിവാക്കിയതെന്ന് മമത പറഞ്ഞു.