കിഫ്ബിക്കെതിരായ കേസില്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രംജിത് സിംഗിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ മസാല ബോണ്ട് ഇറക്കി വിദേശത്ത് നിന്ന് വായ്പയെടുത്തത് ഫെമ നിയമത്തിന്റെ ലംഘനമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്.

എന്നാല്‍ വിക്രംജിത് സിംഗ് ഇന്ന് ഹാജരാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കിഫ്ബിക്കെതിരെ കേസെടുത്തതില്‍ മുഖ്യമന്ത്രി കത്തയച്ച സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ നീളാനാണ് സാധ്യത.

കഴിഞ്ഞ ദിവസമാണ് ഇ ഡിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യമന്ത്രി കത്ത് അയച്ചത്. കിഫ്ബിക്ക് എതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കത്തില്‍ പറയുന്നു. ഇ ഡിയുടെ ഇടപെടലുകള്‍ പെരുമാറ്റ ചട്ട ലംഘനമാണ്. കിഫ്ബിക്ക് ഇ ഡിയുടെ നോട്ടിസ് ലഭിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നുണ്ട്.

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേരളത്തില്‍ എത്തി കിഫ്ബിയെ വിമര്‍ശിച്ചതിന് പിന്നാലെയാണ് ഇ ഡിയുടെ തിടുക്കപ്പെട്ട നീക്കമെന്നാണ് മുഖ്യമന്ത്രി കത്തില്‍ പറയുന്നത്. ഇ ഡി അനാവശ്യ തിടുക്കം കാണിക്കുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട വനിതാ ഉദ്യോഗസ്ഥരെ അടക്കം വിളിച്ച് ചോദ്യം ചെയ്യുകയാണ്. കിഫ്ബിക്ക് നോട്ടിസ് നല്‍കുന്നതിന് മുന്‍പ് വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയാണ്.