സീറ്റ് വിഭജനത്തിനായുള്ള എൻഡിഎ ഉഭയകക്ഷി ചർച്ച പൂർത്തിയായി. സംഘടനാ ദൗർബല്യം കാരണം കഴിഞ്ഞ തവണ മത്സരിച്ച 37 സീറ്റുകൾ വേണ്ടെന്ന് ഉഭയകക്ഷി ചർച്ചയിൽ ബിഡിജെഎസ് അറിയിച്ചു. മത്സര രംഗത്തുണ്ടാകില്ലെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. കേരള കോൺഗ്രസ് പിസി തോമസ് വിഭാഗം 16 സീറ്റുകൾ ആവശ്യപ്പെട്ടു. കേരള കാമരാജ് കോൺഗ്രസ് അടക്കമുള്ള മറ്റ് കക്ഷികളും കൂടുതൽ സീറ്റുകൾക്ക് അവകാശവാദം ഉന്നയിച്ചത് ബിജെപിക്ക് തലവേദനയായിട്ടുണ്ട്. വിട്ട് വീഴ്ച്ചയുടെ അടിസ്ഥാനത്തിലെ മുന്നോട്ട് പോകാൻ കഴിയുവെന്ന് എൻഡിഎ കൺവീനർ പികെ കൃഷ്ണദാസ് പറഞ്ഞു.

കഴിഞ്ഞ തവണ മത്സരിച്ച 37 സീറ്റുകൾ തന്നെ ഇത്തവണയും വേണമെന്ന നിലപാടിലായിരുന്നു മുന്നണിയിലെ പ്രമുഖ കക്ഷിയായ ബിഡിജെഎസ്. ബിഡിജെഎസിലെ പിളർപ്പും തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനവും ബിജെപി ഉയർത്തിക്കാട്ടിയതോടെയാണ് ബിഡിജെഎസ് തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയത്. എന്നാൽ, സീറ്റുകളുടെ എണ്ണത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് തുഷാർ പറഞ്ഞു. സ്വാധീന മണ്ഡലങ്ങളിൽ മികച്ച വ്യക്തി പ്രഭാവമുള്ള സ്ഥാനാർത്ഥികളെ ഉയർത്തിക്കാട്ടി സീറ്റ് ചോദിക്കുന്ന തന്ത്രമാണ് കേരള കോൺഗ്രസ് പിസി തോമസ് വിഭാഗം ഉഭയകക്ഷി ചർച്ചയിൽ സ്വീകരിച്ചത്.

ബിജെപി നേതാക്കളായ പികെ കൃഷ്ണദാസും, സി കൃഷ്ണകുമാറും നയിച്ച ഉഭയകക്ഷി ചർച്ചയിൽ പാർട്ടികളെ പ്രത്യേകം പ്രത്യേകമാണ് കണ്ടത്.  കേരള കാമരാജ് കോൺഗ്രസ് 14 ജില്ലകളിലും പ്രാധിനിത്യം ആവശ്യപ്പെട്ടു. എൽജെപി ആറും, നാഷണലിസ്റ്റ് കേരള കോൺഗ്രസ് 9 ഉം, സോഷ്യലിസ്റ്റ് ജനതാദൾ 5 സീറ്റിനും അവകാശവാദം ഉന്നയിച്ചു. കോവളം, വർക്കല, കാട്ടാക്കട, പാറശാല പോലുള്ള സീറ്റുകളിൽ ചെറുകക്ഷികൾ കണ്ണ് വെച്ചത് ബിജെപിക്ക് തലവേദനയുണ്ടാക്കുന്നുണ്ട്. അഭിപ്രായങ്ങൾ ബിജെപി കോർ കമ്മിറ്റിയിൽ ചർച്ച ചെയ്ത് സമവായത്തിലെത്തുമെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു.