നല്ല സിനിമകള്‍ ഉണ്ടാവുന്നത് രാഷ്ട്രീയ ഓര്‍മ്മകളില്‍ നിന്നാണെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്രങ്ങള്‍ എക്കാലത്തെയും രാഷ്ട്രീയ അടയാളപ്പെടുത്തലുകളാണെന്നും രാഷ്ട്രീയത്തില്‍ നിന്നും മുഖം തിരിച്ചാല്‍ സിനിമകള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. അറുപതുകളിലെ ത്രസിപ്പിക്കുന്ന സിനിമകള്‍ തന്നെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട്. മലയാളത്തില്‍ നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ലോക ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയാത്തത് എന്ത് കൊണ്ടാണെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്രമേളയുടെ കഴിഞ്ഞ 24 വര്‍ഷങ്ങളാണ് ചിത്രങ്ങളിലൂടെ മേള @25 എന്ന പേരില്‍ ഒരുക്കിയിരിക്കുന്നത്. 1994ല്‍ കോഴിക്കോട്ട് മേള ആരംഭിച്ചതു മുതല്‍ 2019 വരെയുള്ള 300 ചിത്രങ്ങളാണ് ഫോട്ടോ പ്രദര്‍ശനത്തിലുള്ളത്. അക്കാദമിയുടെ ശേഖരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് പുറമേ മുന്‍കാലങ്ങളില്‍ ചലച്ചിത്ര മേളയില്‍ പങ്കെടുത്ത പ്രതിനിധികളില്‍ നിന്ന് ശേഖരിച്ച ഫോട്ടോകളും പ്രദര്‍ശനത്തിലുണ്ട്. ചലച്ചിത്ര അക്കാദമി കൗണ്‍സില്‍ അംഗം സജിതാ മഠത്തിലാണ് ക്യൂറേറ്റര്‍. സിനിമ ആസ്വാദകര്‍ക്ക് സിനിമയുടെ ആസ്വാദനത്തിനൊപ്പം ചലച്ചിത്ര മേളയുടെ ചരിത്രം കൂടി ലിബര്‍ട്ടി കോംപ്ലക്‌സില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനത്തിലൂടെ അറിയാന്‍ കഴിയും.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷനായി. സംഘാടകസമിതി ചെയര്‍മാന്‍ എ എന്‍ ഷംസീര്‍ എം എല്‍ എ, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍, അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍, അക്കാദമി കൗണ്‍സില്‍ അംഗം സജിത മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.