ഇഎംസിസി വ്യാജസ്ഥാപനമെന്ന് അറിഞ്ഞുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കമ്പനിയുടെ വിവരങ്ങള്‍ ആരാഞ്ഞ് സംസ്ഥാനം അയച്ച കത്തിന് കേന്ദ്രം മറുപടി നല്‍കിയിരുന്നുവെന്നും അത് പരിഗണിക്കാതെയാണ് സംസ്ഥാനം പദ്ധതിയുമായി മുന്നോട്ടു പോയതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. അതേസമയം, ഇഎംസിസിയെക്കുറിച്ച് കേന്ദ്രം സംസ്ഥാനത്തിന് ഒരുവിവരവും നല്‍കിയിട്ടില്ലെന്ന് മന്ത്രി ഇ. പി. ജയരാജന്‍ പ്രതികരിച്ചു. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇഎംസിസിയും – ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനും തമ്മിലുള്ള ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കിയിട്ടും വിവാദം കൊഴുക്കുകയാണ്. പ്രതിപക്ഷം ഉയര്‍ത്തിവിട്ട ആരോപണം ഏറ്റെടുത്ത് കേന്ദ്രമന്ത്രി വി. മുരളീധരനും ഇന്ന് രംഗത്തെത്തി. ഇഎംസിസി വ്യാജസ്ഥാപനമാണെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിരുന്നുവെന്നും ഇതറിഞ്ഞിട്ടും കേരളം പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നുവെന്നും വി മുരളീധരന്‍ ആരോപിച്ചു.

ഇഎംസിസിക്ക് പുറമേ മറ്റുചില ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനികള്‍ക്കും പദ്ധതിയുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു. ധാരണാപത്രം ഉദ്യോഗസ്ഥതലത്തിലുണ്ടായ വീഴ്ചയെന്നായിരുന്നു പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയുടെ പ്രതികരണം.