ന്യൂഡല്‍ഹി: രണ്ടു മാസത്തിലേറെയായി രാജ്യതലസ്ഥാനത്ത് തുടരുന്ന കര്‍ഷക സമരം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാമെന്ന്​ കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയി​ലായിരിക്കും ഇത് സംബന്ധിച്ച ചര്‍ച്ച നടക്കുക. ഇത്​ 15 മണിക്കൂര്‍ നീണ്ടു നില്‍ക്കും. ഇതിനായി ചോദ്യോത്തരവേള രണ്ട്​ ദിവസത്തേക്ക്​ റദ്ദാക്കി.

കര്‍ഷകസമരത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യം 16 പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാറിന്​ മുമ്ബാകെ ഉന്നയിച്ചിരുന്നു. അഞ്ച്​ മണിക്കൂര്‍ ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍, ​കേന്ദ്രസര്‍ക്കാര്‍ 15 മണിക്കൂര്‍ ചര്‍ച്ചക്ക്​ അനുവദിക്കുകയായിരുന്നു.

കേന്ദ്രം അനുവദിക്കുകയാണെങ്കില്‍ കര്‍ഷകസമരം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാമെന്ന്​ പ്രതിപക്ഷനേതാവ്​ ഗുലാം നബി ആസാദ്​ പറഞ്ഞു. തുടര്‍ന്ന്​ പാര്‍ലമെന്‍റ്​കാര്യ വകുപ്പ്​ ​മന്ത്രി പ്രഹ്ലാദ്​ ജോഷി ചര്‍ച്ചക്ക്​ തയാറാണെന്ന്​ അറിയിച്ചു. ഇതേ തുടര്‍ന്ന്​ വെള്ളിയാഴ്ച നടക്കേണ്ട ചോദ്യോത്തരവേള റദ്ദാക്കിയിട്ടുണ്ട്​.

കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ വേണ്ടി കേന്ദ്രം പോലീസ് സേനയെ വിന്യസിച്ചിരുന്നു . അതെ സമയം കൂടുതല്‍ കര്‍ഷകര്‍ വിവിധ ഭാഗങ്ങളില്‍ നിന്നും തലസ്ഥാനത്തേക്ക് പ്രവഹിക്കുകയായിരുന്നു .