കോഴിക്കോട്: സുരേഷ് ഗോപി മത്സരിച്ചാല്‍ ജയിക്കുന്ന ഒരുപാട് നിയമസഭാ മണ്ഡലങ്ങള്‍ കേരളത്തിലുണ്ടെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്. മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് കേരളത്തില്‍ ഇഷ്ടം പോലെ മണ്ഡലങ്ങളുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രമേശ്.

എംടി രമേശ് സുരേഷ് ഗോപി മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം പറയേണ്ടത് കേന്ദ്രനേതൃത്വമാണ്. കഴിഞ്ഞ തവണ തൃശൂരില്‍ സുരേഷ് ഗോപി മത്സരിച്ചത് കേന്ദ്രനേതൃത്വം പറഞ്ഞിട്ടാണ്. എംപിമാരുടെയും കേന്ദ്രനേതാക്കളുടെയും കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രനേതൃത്വമാണ്

കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന്, ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണ് എന്നും എന്നാല്‍ കോഴിക്കോട്ട് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാന്‍ ആഗ്രഹമുണ്ട് എന്നും രമേശ് പറഞ്ഞു. കേരളത്തില്‍ ഒരിടത്തും മത്സരിച്ചത് തന്റെ ആഗ്രഹപ്രകാരമല്ല. പാര്‍ട്ടി പറഞ്ഞതു പ്രകാരമാണ്. കേരളത്തില്‍ എവിടെയാണെങ്കിലും കേന്ദ്ര നേതൃത്വം പറഞ്ഞ സ്ഥലത്ത് മത്സരിക്കും- അദ്ദേഹം വ്യക്തമാക്കി.

ഒ രാജഗോപാല്‍ മത്സരിക്കുന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടതും കേന്ദ്രനേതൃത്വമാണ്. ബിജെപിക്ക് അപ്പുറത്ത് വോട്ടുകള്‍ നേടാന്‍ കഴിവുള്ള നേതാവാണ് രാജഗോപാല്‍. ഇത്തവണ ചില സര്‍പ്രൈസുകള്‍ ഉണ്ടാകും. അപ്പോഴാണല്ലോ തെരഞ്ഞെടുപ്പ് സജീവാകുക. ധാരാളം പുതിയ മുഖങ്ങള്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാകും. മലബാറിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും അസ്വസ്ഥരാണ്. അവര്‍ ആരെങ്കിലും ബിജെപിയിലേക്ക് വന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഞങ്ങളുടെ വാതില്‍ തുറന്നിട്ടിട്ടാണ്. പല ചര്‍ച്ചകളും നടക്കുന്നുണ്ട്- രമേശ് കൂട്ടിച്ചേര്‍ത്തു.