അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റു. തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയിലെ പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് ആണ് സത്യ വാചകം ചൊല്ലിക്കൊടുത്തത്. 127 വര്‍ഷം പഴക്കമുള്ള കുടുംബ ബൈബിളില്‍ തൊട്ടായിരുന്നു സത്യപ്രതിജ്ഞ.

ജനാധിപത്യത്തിന്റെ ദിനമെന്നാണ് തന്റെ സത്യപ്രതിജ്ഞ ദിനത്തെ ജോ ബൈഡന്‍ വിശേഷിപ്പിച്ചത്. ജനാധിപത്യം അമൂല്യമെന്ന് അമേരിക്ക തെളിയിച്ചു. വെല്ലുവിളികളെ നേരിടാന്‍ തയാര്‍. വര്‍ണവിവേചനത്തിനും ആഭ്യന്തര ഭീകരതയ്ക്കുമെതിരെ നില കൊള്ളണമെന്നും ബൈഡന്‍. അമേരിക്കന്‍ ജനതയെ ഒന്നിപ്പിക്കാന്‍ പ്രഥമ പരിഗണന. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. പ്രഥമ വനിത വൈസ് പ്രസിഡന്റായ കമല ഹാരിസിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

ജോ ബെെഡന്‍- പരിചയ സമ്പത്തുള്ള രാഷ്ട്രീയക്കാരന്‍

അമേരിക്കയുടെ പ്രസിഡന്റ് പദവിയില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 78 വയസാണ് പ്രായം. ബരാക് ഒബാമ പ്രസിഡന്റായിരുന്ന എട്ട് വര്‍ഷം വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച് പരിചയമുള്ള ഭരണകര്‍ത്താവായ ബൈഡന് പതീറ്റാണ്ടുകളുടെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. അടിമുടി മാന്യനായ രാഷ്ട്രീയക്കാരനായി അറിയപ്പെടുന്ന നേതാവാണ് ജോ ബൈഡന്‍.

1973 മുതല്‍ 2009 വരെ ഡെലാവെയറില്‍ നിന്നുള്ള സെനറ്ററായി പ്രവര്‍ത്തിച്ചുള്ള ദീര്‍ഘമായ പരിചയം, വിദേശകാര്യവുമായി ബന്ധപ്പെട്ട ഒട്ടേറെ നയങ്ങള്‍ക്ക് സംഭവാനകള്‍ നല്‍കി പരിചയമുള്ള ഭരണകര്‍ത്താവ്, അങ്ങനെ എല്ലാ അര്‍ത്ഥത്തിലും വേറിട്ട വഴികളിലൂടെ നടന്ന നേതാവാണ് ജോ ബൈഡന്‍.