തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസുമായി മലയാള സിനിമയ്ക്ക് ബന്ധമുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍. കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദ് കൊച്ചിയില്‍ നിശാപാര്‍ട്ടി നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല.

അനുപ് മുഹമ്മദിനെതിരേ എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസുകള്‍ നിലവിലില്ല. അതേസമയം അനൂപ് മുഹമ്മദിന്റെ ഇടപാടുകള്‍ സംബന്ധിച്ച്‌ എക്സൈസ് വകുപ്പ് നടത്തിയ അന്വേഷണ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മന്ത്രി തയാറായില്ല. ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ബാധകമല്ല എന്ന ഉത്തരമാണ് മന്ത്രി നിയമസഭയില്‍ നല്‍കിയത്.

കഴിഞ്ഞ വര്‍ഷം 15,860 അബ്കാരി കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 23,182 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. 7,219.905 ലിറ്റര്‍ ചാരായവും 30,958.35 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും പിടികൂടിയിട്ടുണ്ട്. 5,31,662 ലിറ്റര്‍ വാഷും പിടികൂടിയിട്ടുണ്ട്.

3667 എന്‍.ഡി.പി.എസ് കേസുകളിലായി 3209.293 കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്. 38.980 ഗ്രാം ഹെറോയിന്‍, 6653.437 ഗ്രാം ഹാഷിഷ്, 73.925 ഗ്രാം ബ്രൗണ്‍ഷുഗര്‍ 564, എം.ഡി.എം.എ, 4927.890 ഗ്രാം ചരസ്, 696 കഞ്ചാവ് ചെടി എന്നിവയും പിടിച്ചെടുത്തു.

5222 കോട്പ കേസുകളിലായി 33451.49 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങളും വിവിധ കേസുകളിലായി 9334010 രൂപ ഫൈന്‍ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 85,515 അബ്കാരി കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് 65,117 ആയിരുന്നെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.