ന്യൂഡല്‍ഹി: ശനിയാഴ്ച രാജ്യവ്യാപകമായി നടക്കുന്ന കൊവിഡ് വാക്‌സിനേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അദ്യ ദിനത്തില്‍ തന്നെ 3 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിക്കും. നീതി ആയോഗ് ആരോഗ്യവിഭാഗം അംഗം വി കെ പോള്‍ ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
”പ്രധാനമന്ത്രി വാക്‌സിനേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. വിശദാംശങ്ങള്‍ പിന്നീട് തയ്യാറാക്കും”- വി കെ പോള്‍ പറഞ്ഞു.

ആദ്യ ദിനത്തില്‍ 3000 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുക. ഓരോ കേന്ദ്രത്തിലും 100 പേര്‍ക്കു വീതമാണ് വാക്‌സിന്‍ നല്‍കുക.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ 5000 കേന്ദ്രങ്ങളായി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
300 ദശലക്ഷം പേര്‍ക്ക് അടുത്ത ഏതാനും മാസത്തിനുള്ളില്‍ വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ആദ്യം 30 ദശലക്ഷം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും 270 ദശലക്ഷം 50 വയസ്സിനു മുകളിലുള്ളവര്‍ക്കുമാണ് ലഭിക്കുക.