കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യുന്നതിലും സമിതി രൂപീകരണത്തിലും സുപ്രിം കോടതി ഉത്തരവിറങ്ങി. പുതിയ നിയമങ്ങള്‍ക്ക് മുന്‍പുള്ള താങ്ങുവില സംവിധാനം നിലനിര്‍ത്തണമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. കര്‍ഷകരുടെ ഭൂമി സംരക്ഷിക്കണമെന്നും കോടതി. പുതിയ നിയമം കാരണം ഒരു കര്‍ഷകനും ഭൂമി നഷ്ടപ്പെടരുത്. നാലംഗ സമിതി പത്ത് മാസത്തിനകം ആദ്യ സിറ്റിംഗ് നടത്തണം. അസാധാരണ സ്‌റ്റേ ഉത്തരവ് സമരത്തിന്റെ ഫലമെന്ന് പ്രക്ഷോഭകര്‍ മനസിലാക്കണമെന്നും കോടതി പറഞ്ഞു.

അതേസമയം കാര്‍ഷിക നിയമ ഭേദഗതി സുപ്രിം കോടതി സ്റ്റേ ചെയ്‌തെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് നിലപാടിലാണ് കര്‍ഷകര്‍. കോടതി നിയോഗിച്ച വിദഗ്ധ സമിതിയോട് കര്‍ഷക സംഘടനകള്‍ സഹകരിക്കില്ല. 48 ദിവസമായി തുടരുന്ന സമരത്തില്‍ കര്‍ഷകര്‍ മുന്നോട്ടുവെച്ചത് നിയമം പിന്‍വലിക്കണമെന്ന ആവശ്യമാണ്. സമരം തുടരുമെന്ന നിലപാടില്‍ തന്നെയാണ് കര്‍ഷക സംഘടനകള്‍. നിയമ ഭേദഗതി സ്റ്റേ ചെയ്തതോടെ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കുമെന്നാണ് കര്‍ഷക സംഘടനകളുടെ പ്രതീക്ഷ.

അതേസമയം കാര്‍ഷിക നിയമം പരിശോധിക്കാന്‍ സുപ്രിം കോടതി നിയോഗിച്ച വിദഗ്ധ സമിതിക്ക് എതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സമരം ഒത്തുതീര്‍പ്പാക്കാന്‍ സമിതിക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും വിദഗ്ധ സമിതി അംഗങ്ങളില്‍ മൂന്ന് പേര്‍ നിയമത്തെ പിന്തുണയ്ക്കുന്നവരെന്നും കോണ്‍ഗ്രസ്. മന്ത്രിമാര്‍ക്ക് കഴിയാത്ത കാര്യം സമിതിക്ക് എങ്ങനെ സാധിക്കുമെന്നും ചോദ്യം. ജനാധിപത്യ വിരുദ്ധ നിയമം പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ നിലപാടെന്നും കോണ്‍ഗ്രസ്.