ന്യൂഡല്‍ഹി | ഇന്ത്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ നിന്ന് 10,000 സേനാംഗങ്ങളെ പിന്‍വലിച്ച്‌ ചൈന. കൊടും തണുപ്പിനെ തുടര്‍ന്നാണ് ചൈനയുടെ നടപടി. പകരം സൈനികരെ ഉടന്‍ അതിര്‍ത്തിയിലേക്ക് എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥക്ക് ഇപ്പോഴും ഒരു മാറ്റവുമില്ലാതെ തുടരുകയാണ്.

അതിനിടെ, അതിര്‍ത്തിയില്‍ നിയന്ത്രണരേഖ ലംഘിച്ചു കടന്നു കയറിയ ചൈനീസ് സൈനികനെ ഇന്ത്യ തിരിച്ചയച്ചു. ജനുവരി എട്ടിനാണ് സൈനികനെ ഇന്ത്യ പിടികൂടിയത്. 72 മണിക്കൂര്‍ കസ്റ്റഡിക്കു ശേഷമാണ് ചൈനീസ് സൈനികനെ ഇന്ത്യ തിരിച്ചയച്ചത്. ലഡാക്കില്‍ പാംഗോങ് തടാകത്തിനു സമീപത്തുനിന്നാണ് സൈനികനെ പിടികൂടിയത്.
നിയന്ത്രണരേഖ അതിക്രമിച്ചു കടന്നതില്‍ ഗൂഢാലോചന ഇല്ലെന്നാണ് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നത്. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ഭദൗരിയ എന്നിവര്‍ ലഡാക്കിലെ അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിച്ചു.