ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശന ജാഗ്രതാ നിര്‍ദേശം. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഢ്, ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് വ്യാഴാഴ്ച കത്തെഴുതിയത്. രാജ്യത്തെ കൊവിഡ് കേസുകളില്‍ 59 ശതമാനവും ഈ നാല് സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തില്‍ വ്യക്തമാക്കി. ഓരോ സംസ്ഥാനത്തും കൊറോണ വൈറസ് കേസുകളില്‍ അടുത്തിടെ ഉണ്ടായ വര്‍ധനവ് തടയാന്‍ കര്‍ശനമായ ജാഗ്രത, അടിയന്തിര നടപടിയും സ്വീകരിക്കേണ്ടതിന്റെ ആവശ്യകത കത്തില്‍ ചൂണ്ടിക്കാട്ടി. പരിശോധനാ നിരക്ക് കുറയാ്ക്കരുതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാസ്‌ക് ധരിക്കാനും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനും ജനങ്ങളെ പ്രേരിപ്പിക്കണമെന്നും ഭൂഷണ്‍ ഓര്‍മിപ്പിച്ചു.

കൊറോണ വൈറസ് കേസുകളില്‍ മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ അടുത്തിടെ പെട്ടെന്നുള്ള വര്‍ധനയുണ്ടായി. മുന്‍കരുതലുകള്‍ നാം മറക്കരുതെന്നും കൊവിഡിനെതിരായ പോരാട്ടം തുടരണമെന്ന മുന്നറിയിപ്പാണ് ഇത് നല്‍കുന്നതെന്നുും ഡോ. ഹര്‍ഷ് വര്‍ധന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. .രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ചത് മഹാരാഷ്ട്രയിലാണ്-52,000. 50,000 ത്തോളം പേരാണ് മരണപ്പെട്ടത്. ഛത്തീസ്ഗഡിലും ബംഗാളിലും 9,000 കേസുകളുണ്ട്. ബംഗാളില്‍ പതിനായിരത്തോളം പേര്‍ മരണമടഞ്ഞു. ഛത്തീസ്ഗഢില്‍ ഇതുവരെ 3,500 പേര്‍ മരിച്ചു.