പുതുപ്രതീക്ഷകളും സ്വപ്നങ്ങളും നെഞ്ചേറ്റി പുതുവർഷം പിറന്നു. പുതുവർഷം ആദ്യം എത്തിയത് പെസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ്. ഇന്ത്യൻ സമയം വൈകീട്ട് മൂന്നരയ്ക്കായിരുന്നു ഇവിടെ പുതുവർഷം എത്തിയത്.ന്യൂസിലന്റിലെ സമോവ, കിരിബാതി തുടങ്ങിയവിടങ്ങളിലാണ് പുതുവർഷം ആദ്യം എത്തിയത്. തൊട്ടുപിറകെ ഓസ്‌ട്രേലിയയിലും പുതുവർഷമെത്തി. സിഡ്നി ഹാർബറിലെ കരിമരുന്ന് പ്രയോഗത്തോടെയാണ് ഓസ്ട്രേലിയ പുതുവർഷത്തെ വരവേറ്റത്. പിന്നീട് ജപ്പാൻ, ഉത്തര -ദക്ഷിണ കൊറിയൻ രാജ്യങ്ങളിലും കർശന ആൾക്കൂട്ട ആഘോഷ നിയന്ത്രണങ്ങളോടെ പുതുവർഷം കൺതുറന്നു. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽ 2021 നെ വരവേൽക്കാൻ ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങി. പുതിയ പ്രതീക്ഷകളുടെ പ്രഭാതത്തിലേക്ക് ലോകം ഉണരുന്നു… നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി…

അവസാനം പുതുവർഷമെത്തുന്നത് അമേരിക്കയുടെ നിയന്ത്രണത്തിലുള്ള സമേവ ദ്വീപിലാണ്. അതായത് ആദ്യം പുതുവർഷമെത്തുന്ന പസഫിക് ദ്വീപിൽ പുതുവർഷമെത്തി 24 മണിക്കൂർ പിന്നിടുമ്പോൾ. ഇന്ത്യൻ സമയം ജനുവരി 1 വൈകുന്നേരം 3.30 ഓടെ അവസാനം പുതുവർഷമെത്തുന്നത് അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ബേക്കർ ദ്വീപിലും ഹൗലാൻഡ് ദ്വീപിലുമാണെന്നുള്ളതാണ് യഥാർത്ഥ വസ്തുത. എന്നാൽ ഈ രണ്ടു ദ്വീപിലും ജനവാസമില്ലാത്തതിനാൽ അമേരിക്കൻ സമോവയെയാണ് ഇക്കാര്യത്തിൽ രാജ്യങ്ങൾ കണക്കിലെടുക്കുന്നത്.