തിരുവനന്തപുരം∙ കോവിഡ് കണ്ടെത്താനുള്ള ആർടി–പിസിആർ പരിശോധനയ്ക്ക് ഏറ്റവും ഉയർന്ന നിരക്കുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളം. സംസ്ഥാന സർക്കാർ സൗജന്യമായാണ് പരിശോധന നടത്തുന്നതെങ്കിലും സ്വകാര്യ ലാബുകളിൽ സർക്കാർ നിശ്ചയിച്ച പരിശോധനാനിരക്ക് മറ്റു ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെയാണ്.

കേരളത്തിലെ സ്വകാര്യ ലാബുകളിൽ 2100 രൂപയാണ് ആർടിപിസിആർ പരിശോധനാനിരക്ക്. നേരത്തെ 2750 രൂപയായിരുന്നത് ഒക്ടോബറിലാണ് സർക്കാർ ഇടപെട്ടു കുറച്ചത്. എന്നാൽ പിന്നീടു പല ഘട്ടങ്ങളിലായി മറ്റു പല സംസ്ഥാനങ്ങളും നിരക്കു കുറച്ചു. അയൽസംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെല്ലാം ആർടിപിസിആർ പരിശോധനാനിരക്ക് കേരളത്തെ അപേക്ഷിച്ച് കുറവാണ്. 26 മുതൽ ശബരിമല പ്രവേശനത്തിന് ആർടിപിസിആർ പരിശോധനാറിപ്പോർട്ട് നിർബന്ധമാക്കാനും സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ആർടിപിസിആർ പരിശോധനയ്ക്ക് രാജ്യമെങ്ങും 400 രൂപയാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി ആരോഗ്യമന്ത്രാലയത്തിനു നോട്ടിസ് അയച്ചിട്ടുണ്ട്. നിരക്ക് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചിരുന്നെങ്കിലും കൊള്ള തുടരുകയാണന്ന പരാതിയിലാണ് നടപടി. ആർടിപിസിആർ പരിശോധനയ്ക്കുള്ള കിറ്റ് വിപണിയിൽ 200 രൂപയ്ക്ക് ലഭിക്കുമെന്നിരിക്കെയാണിതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാനങ്ങളും ആർടിപിസിആർ പരിശോധനാ നിരക്കും

ഒഡീഷ – 400 രൂപ
മഹാരാഷ്ട്ര – 700
ഉത്തർപ്രദേശ് – 700
ഡൽഹി – 800
ഉത്തരാഖണ്ഡ് – 850
തെലങ്കാന – 850
കർണാടക – 1200
രാജസ്ഥാൻ – 1200
തമിഴ്നാട് – 1500
പശ്ചിമബംഗാൾ – 1500
ഗുജറാത്ത് – 1500
ആന്ധ്രപ്രദേശ് – 1600
കേരളം – 2100