ഫ്രാൻസിസ് തടത്തിൽ

ഫ്ലോറിഡ: ഫൊക്കാനയുടെ 2020 – 22 വര്‍ഷത്തെ ഫ്‌ളോറിഡ റീജിയണൽ വൈസ് പ്രസിഡണ്ട് ആയി പ്രമുഖ സാമൂഹിക-സാംസ്കാരിക- സംഘടനാ പ്രവര്‍ത്തകനും ബിസിനസുകാരനുമായ കിഷോര്‍ പീറ്റര്‍ വട്ടപ്പറമ്പിലിനെ നിയമിച്ചു. ഫ്ലോറിഡ മുൻ ആർ.വി.പി. രാജൻ പടവത്തിൽ രാജിവച്ചൊഴിഞ്ഞതിനെ തുടർന്നാണ് ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗമായിരുന്ന കിഷോർ പീറ്ററിനെ ആർ. വി. പിയായി മാറ്റി നിയമിച്ചത്. ഫൊക്കാനയുടെ ഫ്ലോറിഡയിലെ എല്ലാ അംഗസംഘടനകളും ചേർന്ന് കൂട്ടായ തീരുമാനത്തിലൂടെയാണ് കിഷോർ പീറ്ററിനെ പുതിയ ആർ.വി. പിയായി തെരെഞ്ഞെടുത്തതെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് നിയമന ഉത്തരവിൽ വ്യക്തമാക്കി.

ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗമായി ഹ്രസ്വകാലം പ്രവർത്തിച്ചിട്ടുള്ള കിഷോർ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ(എം.എ.സി.എഫ്)യുടെ മുൻ പ്രസിഡണ്ട്, ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (കെ.സി.സി.സി.എഫ്) പ്രസിഡന്റ്, ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.സി.എന്‍.എ) രണ്ടു തവണ ഓഡിറ്റര്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍, സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ദേവാലയത്തിലെ ഓഡിറ്റര്‍ എന്നീ നിലകളില്‍ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ദേവാലയത്തിലെ പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പറായി പ്രവര്‍ത്തിക്കുന്നു.

പാലാ സെന്റ്റ് വിൻസെന്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ പ്രഥമിക വിദ്യാഭ്യാസത്തിനു ശേഷം പാലാ സൈന്റ്റ് തോമസ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും പാസായ ശേഷം ബിരുദ പഠനത്തിനായി തയാറെടുക്കുമ്പോഴാണ് പാലാ വള്ളിച്ചിറ സ്വദേശിയായ കിഷോര്‍ വളരെ ചെറുപ്പത്തിൽ 1987ൽ അമേരിക്കയിലേക്ക് കുടിയേറിയത്.

അമേരിക്കയിൽ എത്തിയ ശേഷം മിഷിഗൺ ട്രോയിയിലെ വാൽഷ് കോളേജ് ഓഫ് അക്കൗണ്ടൻസിയിൽ നിന്ന് അക്കൗണ്ടിംഗ്ൽ ബിരുദവും ബിരുദാന്തര ബിരുദവും നേടി. പിന്നീട് സെർട്ടിഫൈഡ് അക്കൗണ്ടിംഗ് പ്രാക്ടീഷണർ (സി.പി.എ) ആയി മാറിയ കിഷോര്‍ ഐ.ആര്‍.എസില്‍ ഓഡിറ്ററായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ 16 വര്‍ഷമായി ടാമ്പായില്‍ കെ.പി അക്കൗണ്ടിംഗ് & ടാക്‌സ് സര്‍വീസ് എന്ന സ്ഥാപനത്തിന്റേയും മറ്റു നിരവധി പ്രസ്ഥാനങ്ങളുടേയും ഉടമയാണ്.

ഭാര്യ: സിന്ധ്യ. മക്കള്‍: ആഷ്‌ലി, ഏഞ്ചല്‍, ജാസ്മിന്‍, ജോര്‍ഡന്‍.

2022 ജൂലൈയിൽ നടക്കുന്ന ഫൊക്കാനയുടെ ഇന്റർനാഷണൽ കൺവെൻഷൻ ഫ്ലോറിഡയിലെ ഒർലാൻഡോയിൽ ആയതിനാൽ കിഷോറിന്റെ നിയമനത്തിൽ ഏറെ പ്രത്യേകതയുണ്ട്. കൺവെൻഷൻ നടക്കുന്ന സ്റ്റേറ്റിന്റെ ആർ.വി.പി. എന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്വമാണ് അദ്ദേഹത്തിനുണ്ടാകുകയെന്ന് അദ്ദേഹത്തിന്റെ നിയനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് പറഞ്ഞു. ഫ്‌ളോറിഡയിലെ റ്റാമ്പായിലെ മലയാളി സമൂഹത്തില്‍ ചുരുങ്ങിയ കാലംകൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച കിഷോര്‍ ഒരു മികച്ച സംഘാടകനും സാംസ്കാരിക മേഖലകളിലും, ബിസിനസ് രംഗത്തും കഴിവുറ്റ പ്രതിഭയുമാണ്. ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡണ്ട് ആയുള്ള കിഷോര്‍ പീറ്ററിന്റെ നിയമനം കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിന് ഏറെ സഹായകരമാകുമെന്ന് ഫൊക്കാന സെക്രെട്ടറി ഡോ. സജിമോൻ ആന്റണിയും പറഞ്ഞു.

ഫൊക്കാനയുടെ ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡണ്ട് ആയി കിഷോർ പീറ്ററിനെ നിയമിച്ചതോടെ വരാനിരിക്കുന്ന കൺവെൻഷന് നേതൃത്വം നൽകുന്നതിനായി കഴിവുറ്റ നേതാവാനെയാണ് തങ്ങൾക്ക് ലഭിച്ചതെന്ന് അദ്ദേഹത്തിനൊപ്പം ഒരു ദശാബ്ദത്തോളം പ്രവർത്തിച്ചിട്ടുള്ള ഫൊക്കാന ട്രഷറർ സണ്ണി മറ്റമനയും ഒർലാൻഡോ കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യനും പറഞ്ഞു.