കൊച്ചി: ടാറ്റ ക്രൂസിബിള്‍ കോര്‍പ്പറേറ്റ് ക്വിസ് 2020 ക്ലസ്റ്റര്‍ 7 ഫൈനലില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പന്തളം ശാഖയിലെ ബോബിന്‍ ജേക്കബ് എന്‍.സി. വിജയിയായി. ഇന്ത്യയിലെ ഏറ്റവും വിപുലവും ഉയര്‍ന്ന റേറ്റിംഗ് ഉള്ളതുമായ ബിസിനസ് ക്വിസ് മത്സരം ഇതാദ്യമായി ഓണ്‍ലൈനായാണ് സംഘടിപ്പിച്ചത്.

ചെന്നൈ ഒഴികെയുള്ള തമിഴ്നാട്, കേരളം, ആന്‍ഡമാന്‍ & നിക്കോബാര്‍, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ക്ലസ്റ്റര്‍ 7 ഫൈനലിലെ വാശിയേറിയ മത്സരത്തില്‍ പങ്കെടുത്തത്. 35,000 രൂപയുടെ ക്യാഷ് പ്രൈസും സെമിഫൈനല്‍ മത്സരിച്ച് ദേശീയ ഫൈനലിലേയ്ക്ക് ക്വാളിഫൈ ചെയ്യാനുള്ള അവസരവുമാണ് വിജയിക്ക് ലഭിച്ചത്. കോയമ്പത്തൂരിലെ ചെന്നൈ സില്‍ക്ക്സിലെ യോഗേഷ് പൈ റണ്ണര്‍ അപ്പായി. 18,000 രൂപയാണ് സമ്മാനം.

പുതിയ സാഹചര്യങ്ങളിലെ വെല്ലുവിളികള്‍ക്കനുസൃതമായി വിര്‍ച്വല്‍ ഫോര്‍മാറ്റിലാണ് ടാറ്റ ക്രൂസിബിള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചത്. ആദ്യ ഓണ്‍ മത്സരത്തില്‍ രാജ്യത്തെ 12 ക്ലസ്റ്ററുകളായി തിരിച്ചിരുന്നു. ആദ്യഘട്ടത്തില്‍ രണ്ടു തലത്തിലുള്ള ഓണ്‍ലൈന്‍ പ്രിലിമിനറി മത്സരത്തിനുശേഷം ഓരോ ക്ലസ്റ്ററുകളില്‍നിന്നുള്ള 12 ഫൈനലിസ്റ്റുകളെ വൈല്‍ഡ്കാര്‍ഡ് ഫൈനല്‍സിലേയ്ക്കു തെരഞ്ഞെടുത്തു. ഇതില്‍നിന്ന് മികവ് നേടിയ ആറ് പേര്‍ 12 ഓണ്‍ലൈന്‍ ക്ലസ്റ്റര്‍ ഫൈനലില്‍ മത്സരിക്കും. 12 ക്ലസ്റ്റര്‍ ഫൈനലുകളിലെ വിജയികള്‍ സെമി ഫൈനലില്‍ മത്സരിക്കും. അവസാനഘട്ടത്തില്‍ ആറ് വിജയികള്‍ ദേശീയ ഫൈനല്‍ മത്സരത്തിലേയ്ക്ക് യോഗ്യത നേടും. ഫൈനല്‍ മത്സരം ഡിസംബറിലാണ് നടക്കുക. ദേശീയതലത്തില്‍ വിജയിയാകുന്നവര്‍ക്ക് 2.5 ലക്ഷം രൂപയും ടാറ്റ ക്രൂസിബിള്‍ ട്രോഫിയുമാണ് ലഭിക്കുക. എല്ലാ ഫൈനലുകളും ടാറ്റ ക്രൂസിബിള്‍ ഫേയ്സ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ് ചാനലുകളില്‍ സ്ട്രീം ചെയ്യും.

പിക്ക്ബ്രെയിന്‍ എന്നറിയപ്പെടുന്ന പ്രമുഖ ക്വിസ്മാസ്റ്റര്‍ ഗിരി ബാലസുബ്രമണ്യമാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ടാറ്റ ക്രൂസിബിള്‍ കോര്‍പ്പറേറ്റ് ക്വിസിന്‍റെ സമ്മാനങ്ങള്‍ നല്കിയത് ടാറ്റ ക്ലിക് ആണ്.