ഡോളര്‍ കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ജയഘോഷിനെ കൂടാതെ കോണ്‍സുലേറ്റിലെ ഡ്രൈവറായ സിദ്ദീഖിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നുണ്ട്.

നേരത്തെ ജയഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ജയഘോഷിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് മുന്‍ ഐബി ഉദ്യോഗസ്ഥനായ നാഗരാജ് വെളിപ്പെടുത്തിയിരുന്നു. സ്വപ്‌നയും സന്ദീപും അറസ്റ്റിലായ ശേഷം ജയഘോഷ് കനത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജയഘോഷ് നിരവധി തവണ സ്വപ്‌നയെ വിളിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ച ദിവസം ജയഘോഷ് സ്വപ്നയെ വിളിച്ചതായും കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു.

വിദേശ പൗരന്മാരെയും ഡോളർ കടത്താൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നാണ് കസ്റ്റംസിന് വിവരം ലഭിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്താണ് വിദേശ പൗരന്മാരെ ഉപയോഗിച് പണം കടത്തിയത്. നടന്നിരിക്കുന്നത് റിവേഴ്സ് ഹവാല എന്നും കസ്റ്റംസ് വിലയിരുത്തുന്നു. അഴിമതിയിലൂടെ ലഭിച്ച പണമാന്ന് ഇത്തരത്തിൽ വിദേശത്തേക്ക് കടത്തിയത് എന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തൽ.

അതേസമയം ഡോളര്‍ കടത്തുകേസില്‍ പ്രധാനികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാന്‍ കസ്റ്റംസ് നീക്കമുണ്ട്. 100 കോടിയോളം രൂപ വിദേശത്തേക്ക് റിവേഴ്‌സ് ഹവാലയായി കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി.

സ്വപ്‌നയും സരിത്തും ഉപകരണങ്ങള്‍ മാത്രമെന്നും കസ്റ്റംസ് കണ്ടെത്തല്‍. യൂണിടാക് ഉടമ സന്തോഷ് ഈപ്പനേയും ഐടി വിദഗ്ധന്‍ അരുണ്‍ ബാലചന്ദ്രനേയും നാളെ ചോദ്യം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഐടി ഫെല്ലോ ആയിരുന്നു അരുണ്‍ ബാലചന്ദ്രന്‍.