കൊവിഡ് പ്രതിസന്ധിക്കു ശേഷം തിരിച്ചു വരവിന്റെ സൂചന നൽകി കെഎസ്ആർടിസി. നവംബർ മാസത്തിലെ വരുമാനവും യാത്രക്കാരുടെ എണ്ണവും കാര്യമായി വർധിച്ചു. നവംബറിൽ 62 കോടിയിലധികം രൂപയാണ് കെഎസ്ആർടിസിയുടെ വരുമാനം.

ലോക്ക്ഡൗൺ ആരംഭിച്ച മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ കെഎസ്ആർടിസി മുൻപെങ്ങുമില്ലാത്ത പ്രതിസന്ധി നേരിട്ടു. ശമ്പളവും, പെൻഷനും നൽകാൻ സർക്കാരിനെ ആശ്രയിക്കുന്ന കോർപ്പറേഷനു ഈ പ്രതിസന്ധി താങ്ങാൻ കഴിയുന്നതായിരുന്നില്ല. പൊതുഗതാഗതം പുനരാരംഭിച്ചതിനു ശേഷം ആഗസ്റ്റ് മാസം കോർപ്പറേഷന്റെ വരുമാനം 21.65 കോടി രൂപയായിരുന്നു. 99 ലക്ഷം യാത്രക്കാർ മാത്രമായിരുന്നു ആഗസ്റ്റിൽ കെഎസ്ആർടിസിയെ ആശ്രയിച്ചിരുന്നത്. സെപ്റ്റംബറിൽ 1.48 കോടി യാത്രക്കാർ ആശ്രയിച്ചപ്പോൾ വരുമാനം 37.02കോടി രൂപയായി. ഒക്ടോബറിൽ വീണ്ടും നില മെച്ചപ്പെടുത്തി. 47.47 കോടിയായി വരുമാനം വർധിച്ചു.