തിരുവനന്തപുരം സ്വര്‍ണകള്ളക്കടത്ത് കേസിലെ അഞ്ചാം പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. സ്വപ്ന, സരിത്ത് എന്നിവരോടൊപ്പം ഇരുത്തിയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ഡോളര്‍ കടത്ത് കേസിലെ വിവരങ്ങളാണ് പ്രതികളില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രധാനമായും മനസിലാക്കാന്‍ ശ്രമിക്കുന്നത്. ശിവശങ്കറിന്റെ രണ്ടാമത്തെ ഫോണിലെ വിവരങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിക്കുകയാണ്. സ്വര്‍ണകള്ളക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള വമ്പന്‍ സ്രാവുകളെ കുറിച്ചുള്ള വിവരങ്ങളും ഉദ്യോഗസ്ഥര്‍ മനസിലാക്കാന്‍ ശ്രമിക്കുകയാണ്.

അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ തെളിവുകളില്ലെന്നും സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നുമാണ് ശിവശങ്കറിന്റെ വാദം. എന്നാല്‍ സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്റേതുകൂടിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇഡിയോട് കോടതി നിര്‍ദേശിച്ചു.