പോര്‍ട്ട്ലന്‍ഡ്: പിതാവിന്റെ വളര്‍ത്തു പൂച്ചയെ ഫ്രൈയിംഗ് പാന്‍ കൊണ്ട് അടിച്ചു കൊന്ന കേസില്‍ മകന്‍ അറസ്റ്റിലായി. യു എസിലെ പോര്‍ട്ട്ലന്‍ഡിലെ മെയ്നില്‍ ആണ് സംഭവം. താങ്ക്സ് ഗിവിങ്ങ് ഡേയുടെ ഭാഗമായിട്ട് ആയിരുന്നു പിതാവിന്റെ വളര്‍ത്തു പൂച്ചയെ ഫ്രൈയിംഗ് പാന്‍ വച്ച്‌ അടിച്ച്‌ കൊന്നത്. 43 കാരനായ റയാന്‍ ടി കാള്‍ട്ടണ്‍ ആണ് പിതാവിന്റെ പൂച്ചയെ അടിച്ചു കൊന്നത്.

മറ്റൊരു കുറ്റത്തിന് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയയ്ക്കപ്പെട്ടതിനു പിന്നാലെയാണ് പൂച്ചയെ കൊന്ന സംഭവം ഉണ്ടായത്. പൂച്ചയെ കൊന്നതിനു പിന്നാലെ റയാനു മേല്‍ പുതിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മൃഗങ്ങള്‍ക്ക് എതിരെയുള്ള ക്രൂര കൃത്യത്തിനും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനുമാണ് റയാനെതിരെ കേസ് എടുത്തിരിക്കുന്നത്. റയാന്റെ പിതാവ് തന്നെയാണ് പൂച്ച കൊല്ലപ്പെട്ട കാര്യം പൊലീസില്‍ വിളിച്ച്‌ അറിയിച്ചത്. പിസ്കാടാക്വിസ് കൗണ്ടിയിലെ പൊലീസിനെ വിളിച്ചാണ് പിതാവ് ഇക്കാര്യം അറിയിച്ചത്. തലേദിവസം രാത്രി മകനെ തന്നോടൊപ്പം താമസിക്കാന്‍ അനുവദിച്ചതിനു ശേഷമാണ് പൂച്ച കൊല്ലപ്പെട്ടതായി കണ്ടെത്തിയതെന്നും പിതാവ് അറിയിച്ചു.

അതേസമയം, അമ്മയുടെ കാര്‍ മോഷ്ടിച്ചെന്ന കുറ്റത്തിനാണ് കാള്‍ട്ടണ്‍ നേരത്തെ അറസ്റ്റിലായത്. ബുധനാഴ്ചയാണ് കാള്‍ട്ടണ്‍ ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയത്. ഇതിനു പിന്നാലെയാണ് പൂച്ചയോടുള്ള ക്രൂരത.