കെഎസ്എഫ്ഇയുടെ വിവിധ ശാഖകളിൽ വിജിലൻസ് നടത്തിയ റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിജിലൻസ് നടത്തിയത് അവരുടേതായ പരിശോധനയാണ്. ക്രമക്കേടുണ്ടെങ്കിൽ വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകും. തുടർ നടപടി സ്വീകരിക്കേണ്ടത് സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണത്തിന് വേണ്ടത് വിജിലൻസ് ഡയറക്ടറുടെ അനുമതിയാണ്. ഇവിടെ അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ അനുമതി നൽകിയിരുന്നു. നവംബർ പത്തിനാണ് അനുമതി നൽകിയത്. വിജിലൻസ് നടത്തിയത് പരിശോധനയാണ്. റെയ്ഡല്ല. ഇതിന് മുൻപ് 2019 ൽ കെഎസ്എഫ്ഇയിൽ വിജിലൻസ് പരിശോധന നടന്നിരുന്നു. പതിനെട്ട് തവണയാണ് അന്ന് പരിശോധിച്ചത്. കെഎസ്എഫ്ഇയിൽ പോരായ്മ കണ്ടെത്തിയത് വിജിലൻസാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കെഎസ്എഫ്ഇയിലെ പരിശോധനയിൽ രമൺ ശ്രീവാസ്തവയ്ക്ക് പങ്കില്ല. പരിശോധന നടത്താൻ രമൺ ശ്രീവാസ്തവയ്ക്ക് ആരും നിർദേശം നൽകിയിട്ടില്ല. മാധ്യമങ്ങൾ പച്ചക്കളം പടച്ചുവിടുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.