മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ മൂകാംബിക ദേവിക്ക് സമർപ്പിച്ച് സംവിധായകൻ അലി അക്ബർ. ഫെബ്രുവരിയിൽ ഷൂട്ടിങ് തുടങ്ങാൻ ആലോചിക്കുന്ന 1921ലെ മലബാര്‍ മാപ്പിള ലഹളയുടെ ചരിത്രം പറയുന്ന സിനിമയുടെ തിരക്കഥയാണ് അലി അക്ബർ മൂകാംബികയിൽ സമർപ്പിച്ച് അനുഗ്രഹം തേടിയത്. തനിക്ക് ഏറ്റവും അധികം വിശ്വാസമുള്ള ദേവിയാണ് മൂകാംബികയിലേതെന്നും അമ്മയുടെ അനുഗ്രഹമുണ്ടെങ്കിൽ ഒരു തടസവും കൂടാതെ സിനിമ പൂർത്തിയാക്കാൻ കഴിയും എന്നും അലി അക്ബർ മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘സിനിമയുടെ ഷൂട്ടിങ് തുടങ്ങാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കലാസംവിധാനത്തിന്റെ പരിപാടികൾ പുരോഗമിക്കുന്നു. തിരക്കഥ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു അതാണ് ഇപ്പോൾ മൂകാംബിക അമ്മയുടെ മുന്നിൽ സമർപ്പിച്ചത്, അമ്മയുടെ അനുഗ്രഹമുണ്ടെങ്കിൽ എല്ലാം ഭംഗിയായി നടക്കും അലി അക്ബർ പറയുന്നു.

‘സിനിമയിലെ പാട്ടുകളുടെ വർക്ക് നടക്കുകയാണ്, പലയിടത്താണ് പാട്ടുകൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഹരി വേണുഗോപാൽ ആണ് ഒരു പാട്ടു ചെയ്യുന്നത്. മറ്റൊന്ന് പാലക്കാടുള്ള ഒരു ഡോക്ടർ ആണ് ചെയ്യുന്നത്. സിനിമക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ കൂടുതലും സന്നദ്ധ സേവനം ആണ്. അടുത്ത മാസം കാസ്റ്റിങ് തുടങ്ങും. കുറച്ചു താരങ്ങളെ കാസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ ഒന്നും പുറത്തു പറയാൻ കഴിയാത്ത അവസ്ഥയാണ്. ’ ‍

‘ആരുടെയെങ്കിലും പേര് പറഞ്ഞു കഴിഞ്ഞാൽ അവർക്കെതിരെ അധിക്ഷേപം തുടങ്ങും. അതുപോലെ പണം സംഭാവന ചെയുന്നവർക്കുപോലും ഭീഷണിയാണ്. നേരിട്ട് ചെന്ന് ഉപദ്രവിക്കുന്ന അവസ്ഥ വരെ ഉണ്ട്. ചിലർ പണം അയക്കാൻ മടി കാണിക്കുന്നതും സിനിമ നടക്കുമോ എന്നുള്ള സംശയം കാരണമാണ് . ചില മാധ്യമങ്ങൾ പോലും ഈ സിനിമക്കെതിരെ നിൽക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പോലും ഇടാൻ കഴിയാത്ത അവസ്ഥയാണ്. ഈയിടെ "എല്ലാവരും ഇലക്‌ഷൻ ചൂടിലാണോ മമധർമ്മയെ മറന്നോ" എന്ന് ചോദിച്ചിട്ട പോസ്റ്റിനു നേരെ വളരെ വല്യ അധിക്ഷേപമാണ് നടന്നത്. എന്തിനാണ് ഇത്രയധികം സൈബർ ആക്രണം നടത്തുന്നത് എന്നറിയില്ല. മറ്റുള്ളവർ എടുക്കുന്ന ചിത്രത്തെക്കുറിച്ച് ഞാൻ എന്തെങ്കിലും പറയുകയോ സൈബർ ആക്രമണം നടത്തുകയോ ചെയ്യുന്നുണ്ടോ? ഞാൻ ഒരു കാലഘട്ടത്തിന്റെ യഥാർത്ഥ ചരിത്രമാണ് പുറത്തു കൊണ്ടുവരാൻ ശ്രമിക്കുന്നത്, ഒരു കലാസൃഷ്ടിയാണ് ചെയ്യാൻ പോകുന്നത് അത് ആരെയാണ് വിറളി പിടിപ്പിക്കുന്നത്? .-അലി അക്ബർ ചോദിക്കുന്നു

‘ആരൊക്കെ എതിർത്താലും ഈ ഉദ്യമം സാക്ഷാൽക്കരിക്കും എന്നൊരു പ്രതിജ്ഞയിലാണ് ഞാൻ. ദേവിയുടെ ഭക്തനാണ് ഞാൻ, അമ്മയുടെ മുന്നിൽ തിരക്കഥ സമർപ്പിച്ചാണ് ഞാൻ തുടങ്ങുന്നത്. എനിക്ക് അമ്മയുടെ ശക്തിയിൽ വലിയ വിശ്വാസമുണ്ട്. എനിക്ക് മാത്രമല്ല ഒരുപാട് സിനിമാ പ്രവർത്തകർക്ക് മൂകാംബിക ദേവിയെ വിശ്വാസമാണ്. അവിടെ ചെന്ന് പ്രാർത്ഥിച്ചിട്ടാണ് പലരും വർക്ക് തുടങ്ങുന്നത്, ചിലർ പറയാറില്ല എനിക്ക് അത് പറയാൻ ഒരു മടിയുമില്ല. എനിക്ക് നേരെ വരുന്ന അക്രമങ്ങൾ എന്റെ ഊർജം കൂട്ടുന്നതെ ഉള്ളൂ. പൊതുജന പങ്കാളിത്തത്തോടെയാണ് ഞാൻ ഈ സിനിമ ചെയ്യാൻ പോകുന്നത്,. വളരെ നല്ല സപ്പോർട്ട് കിട്ടുന്നുണ്ട്. ഷൂട്ടിങ്ങിനു വീട് കിട്ടില്ല എന്ന് വിചാരിച്ചിടത്ത് ഇങ്ങോട്ടു വന്നു വീട് തന്ന വ്യക്തികൾ ഉണ്ട്, നമ്പൂതിരിമനകൾ തരാൻ തയ്യാറായിട്ടു ആളുണ്ട്. അതുപോലെ ക്രൗഡ് ആയി വരാൻ രണ്ടായിരത്തോളം ആളുകൾ റെഡി ആണ്. സംഭാവന സമാഹരിക്കാനായി തുടങ്ങിയ ‘മമധർമ്മ’ എന്ന അക്കൗണ്ടിലേക്ക് പണം വരുന്നുണ്ട്. പണം ഇനിയും വരുമെന്ന് എനിക്കറിയാം, പണം അല്ല എനിക്ക് പ്രശ്ശനം എല്ലാവരുടെയും സഹകരണമാണ്, അതിനു ഒരുപാടുപേർ മുന്നോട്ടു വരുന്നുണ്ട്. സിനിമ സാക്ഷാത്കരിക്കുമോ എന്ന് ആരും ഭയപ്പെടേണ്ട, ഇത് നടത്താൻ തന്നെയാണ് ഞാൻ ഇറങ്ങി പുറപ്പെട്ടത്.’ അലി അക്ബർ പറയുന്നു.

ഇത്രയും സിനിമകൾ ചെയ്ത തനിക്ക് ഇപ്പോൾ ഒരു ചെറിയ ടെൻഷൻ ഉണ്ടെന്നു അലി അക്ബർ, ആ ആശങ്ക ജനങ്ങളോടുള്ള കടപ്പാടിൽ നിന്നും വരുന്നതാണ്. ആദ്യമായി ഒരു സിനിമ ചെയ്യാൻ പോകുന്ന വികാരരമാണ് തനിക്കെന്നും ജനങ്ങൾക്ക് അറിയാവുന്ന ചരിത്രമായതുകൊണ്ടു തന്നെ അതിൽ വെള്ളം ചേർക്കാതെ സത്യം മാത്രം പറയണം എന്നും അദ്ദേഹം പറയുന്നു. ഫെബ്രുവരി 20 നാണു ഷൂട്ടിങ് തുടങ്ങാൻ പദ്ധതിയിടുന്നത്, അപ്പോഴേക്കും വാക്‌സിൻ വന്നു കോവിഡ് നിയന്ത്രിക്കാൻ കഴിയും എന്ന് കരുതുന്നു എന്നും അലി അക്ബർ കൂട്ടിച്ചേർത്തു .