പുണ്യം നിറഞ്ഞ ക്രിസ്മസ് കാലത്തിന്റെ വരവറിയിച്ച് പുറത്തിറക്കിയ ‘മനസ്സിലൊരു പുൽക്കൂട്’ എന്ന ക്രിസ്മസ് ഗാനം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നു. ഹരിചരണിന്റെ യുവനാദത്തിലൊരുങ്ങിയ പാട്ട് മനോരമ മ്യൂസിക് ആണ് ആസ്വാദകരിലേയ്ക്കെത്തിച്ചത്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയ്ക്കായി കാത്തിരിക്കുന്ന മാലോകർക്കു മുന്നിൽ പ്രതീക്ഷ പകരുന്ന വരികൾ കൂട്ടിച്ചേർത്ത് പാട്ടിന്റെ രചന പൂർത്തീകരിച്ചത് മനോജ് എലവുങ്കൽ ആണ്. അശ്വിൻ മാത്യുവും അനിൽ വർഗീസും ചേർന്നാണ് പാട്ടിന്റെ സംവിധാനം.
‘തിരുപിറവിയായ് മനമൊരുക്കിടാം ആട്ടിടയന്മാരോടൊപ്പം

തിരുസുതനുമായി മനസ്സുപങ്കിടാം മാലാഖമാരോടൊപ്പം

കാഴ്ചയേകിടാം മന്നവരെപോലെ

മനമേകിടാം മഞ്ഞുപെയ്യുന്ന പോലെ….’

ആഘോഷ ഈണവും താളവും പാട്ടിനെ ഏറെ സ്വീകാര്യമാക്കിയിരിക്കുകയാണിപ്പോൾ. പ്രതീക്ഷയോടും സന്തോഷത്തോടും കൂടെ ക്രിസ്മസ് കാലത്തെ വരവേൽക്കാൻ പാട്ട് ഏറെ പ്രചോദനം പകരുന്നുവെന്നാണ് ആസ്വാദകപക്ഷം. ഹരിചരണിന്റെ സ്വരം ആദ്യ കേൾവിയിൽ തന്നെ ഹൃദയത്തിൽ ഇടം പിടിക്കുന്നുവെന്നും ആസ്വാദകർ കുറിച്ചു. അശ്വിൻ മാത്യു, അനിൽ വർഗീസ്, ആന്റണി ആൽഫ്രഡ്, ഡെനി ഡെൻസിൽ, സ്നേഹ ജെറോം, സൗമ്യ ജെറോം, ട്രീസ ഫ്രാൻസിസ് എന്നിവരും പിന്നണിയില്‍ സ്വരമായിട്ടുണ്ട്.

ശാന്തൻ എബ്രഹാം വർഗീസ് നിർമിച്ച ‍പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത് രഞ്ജിത് സി രാജൻ ആണ്. ജോസഫ് മാടശ്ശേരി പുല്ലാങ്കുഴലിലും ബാലു കൊല്ലം തബലയിലും അഖിൽ നാദസ്വരത്തിലും ഈണം പകർന്നു. റോബിൻ ആന്റണിയാണ് വിഡിയോയുടെ എഡിറ്റിങ് നിർവഹിച്ചത്. മഹാമാരിയുടെ ഭീതി നിറഞ്ഞ നാളിലും പ്രതീക്ഷയും ധൈര്യവും പകർന്നൊരുക്കിയ പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെയും നേടി.