പി.പി. ചെറിയാന്‍

ന്യൂയോർക്ക് ∙ മുംബൈ ഭീകരാക്രമണത്തിന്റെ 12–ാം വാർഷികത്തോടനുബന്ധിച്ചു ന്യൂയോർക്കിലെ ഇന്ത്യൻ അമേരിക്കൻ വംശജൻ പാക്കിസ്ഥാൻ കോൺസുലേറ്റിനു മുമ്പിൽ പ്രതിഷേധപ്രകടനം നടത്തി. മുംബൈ ആക്രമണത്തിൽ ഇസ്‌ലാമാബാദിന്റെ പങ്കിനെക്കുറിച്ച് പ്രകടനത്തിൽ പങ്കെടുത്തവർ ശക്തമായി പ്രതിഷേധിച്ചു.

സ്റ്റോപ് പാക്ക് ടെററിസം എന്ന പ്ലക്കാർഡുകൾ പിടിച്ചു കോൺസുലേറ്റിനു മുമ്പിൽ നിന്നു പ്രതിഷേധക്കാർ പാക്കിസ്ഥാൻ സ്പോൺസർ ഭീകരാക്രമണം ഉടൻ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു.

അതോടൊപ്പം ഭീകരാക്രമണത്തിന് ഇരയായവർക്ക് നീതി ലഭിക്കണമെന്നവാശ്യപ്പെട്ട ബാനറും പ്രകടനക്കാർ ഉയർത്തി പിടിച്ചിരുന്നു. ഞങ്ങൾ ഇവിടെ സമാധാനപരമായി പ്രതിഷേധിക്കുന്നതിന് പ്രധാന കാരണം മുംബൈ ആക്രമണകാരികൾക്ക് ഇതുവരെ യാതൊരു ശിക്ഷയും ലഭിച്ചിട്ടില്ല. മാത്രമല്ല അവർക്ക് ഒളിച്ചിരിക്കുന്നതിനുള്ള സൗകര്യം പാക്ക് അധികൃതർ നൽകിയിരിക്കുന്നുവെന്നതു നീതി നിഷേധിക്കുന്നതിനു തുല്യമാണെന്നു ബോധ്യപ്പെടുത്താൻ കൂടിയാണെന്നു പ്രതിഷേധക്കാരിൽ അൻങ്കുഷ് ബണ്ഡാരി പറഞ്ഞു.