തിരുവനന്തപുരത്ത് പരാതിക്കാരനെ അധിക്ഷേപിച്ച സംഭവത്തിൽ എഎസ്ഐക്ക് സസ്പെൻഷൻ. നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഗോപകുമാറാണ് പരാതി പറയാനെത്തിയ ആളെ അധിക്ഷേപിച്ചത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിൻ്റെ പശ്ചാത്തലത്തിൽ ഗോപകുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സസ്പെൻഷൻ.

സംഭവവുമായി ബന്ധപ്പെട്ട് റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. നെയ്യാറ്റിൻകര ഡിവൈഎസ്പിയോട് വിശദമായ അന്വേഷണത്തിന് നിർദ്ദേശിച്ചിട്ടുണ്ട്. മാത്രമല്ല, വിഷയത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെടാതിരുന്ന സാഹചര്യവും അന്വേഷിക്കണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

എസ്‌ഐ ഗോപകുമാരിന്റേത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഗ്രേഡ് എ എസ്‌ഐയുടെ പെരുമാറ്റം പൊലീസിനാകെ നാണക്കേടുണ്ടാക്കിയെന്നും ഗോപകുമാറിന് കേസിൽ ഇടപെടേണ്ട സാഹചര്യം ഇല്ലായിരുന്നു. പരാതിക്കാരൻ പ്രകോപിപ്പിച്ചെന്ന വാദം അംഗീകരിക്കാവില്ല. ഗോപകുമാറിന് കേസിൽ ഇടപെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. യുണിഫോമിൽ അല്ലായിരുന്നതും ഗുരുതര വീഴ്ചയായി റിപ്പോർട്ടിൽ പരമാർശിക്കുന്നുണ്ട്.

നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ മോശം പെരുമാറ്റം സംബന്ധിച്ചുള്ള വീഡിയോ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ നിർദേശം നൽകിയത്.