ബാർ കോഴക്കേസ് ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായി ബിജു രമേശ്. കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ല. വിജിലൻസിന് മൊഴി കൊടുത്താൽ നാളെ കേസ് ഒത്തു തീർപ്പാക്കില്ലെന്ന് ഉറപ്പുണ്ടോ എന്നും ബിജു രമേശ് മാധ്യമങ്ങളോട് ചോദിച്ചു.

വ്യാജ കേസുകളിൽ വേട്ടയാടിയപ്പോഴും മാറിയിട്ടില്ല. മാറി പോകുന്നത് രാഷ്ട്രീയക്കാർക്കാണ്. പറഞ്ഞ കാര്യങ്ങളെല്ലാം നിരവധി തവണ ആവർത്തിച്ചതാണ്. ആരെയും വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. വിജിലൻസ് അന്വേഷണം വെറും പ്രഹസനമാണ്. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബിജു രമേശ് പറഞ്ഞു.

പിണറായി വിജയന്റെ വീട്ടിലെത്തി കെ.എം മാണി കണ്ടിരുന്നു. അതിന് ശേഷമാണ് കെ.എം.മാണിക്കെതിരെ കേസ് അന്വേഷിക്കാത്തത്. കേസ് അന്വേഷിക്കേണ്ടെന്ന് മുഖ്യമന്ത്രി പൊലീസിനോട് പറഞ്ഞു. താൻ ആരുടെയും വക്താവല്ലെന്നും ബിജു രമേശ് പറഞ്ഞു. രമേശ് ചെന്നിത്തലയുടെ പേര് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ അതിലൊന്നും കേസെടുക്കാൻ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സുകേശൻ പറഞ്ഞു.
164 സ്റ്റേറ്റ്‌മെന്റ് കൊടുക്കുന്നതിന് മുൻപ് രമേശ് ചെന്നിത്തല വിളിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ കുടുംബാംഗങ്ങളും വിളിച്ചു. ഉപദ്രവിക്കരുതെന്ന് പറഞ്ഞു. അക്കാരണംകൊണ്ടാണ് 164 സ്റ്റേറ്റ്‌മെന്റിൽ രമേശ് ചെന്നിത്തലയുടെ പേര് പറയാതിരുന്നത്. ആഭ്യന്തര മന്ത്രിയായ ചെന്നിത്തല പിന്നീട് തന്നെ ബുദ്ധിമുട്ടിച്ചു.
ജീവന് തന്നെ ഭീഷണിയുണ്ടായിരുന്നു. സൂക്ഷിക്കണമെന്ന് ഇന്റലിജൻസ് വിഭാഗം പറഞ്ഞിരുന്നു. വാഹനാപകടം വരെ പ്രതീക്ഷിച്ചിരുന്നു. തന്നെ അപായപ്പെടുത്താൻ ശ്രമം നടന്നു. രണ്ട് തമിഴ്‌നാട് സ്വദേശികളെ തന്റെ വീട്ടിൽ നിന്ന് പിടിച്ചു. ഒരാളെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചിട്ടും ഉന്നത ഇടപെടലിൽ പൊലീസ് കേസെടുത്തില്ലെന്നും ബിജു രമേശ് ആരോപിച്ചു