കൊവിഡ് പ്രതിരോധ വാക്‌സിൻ ലഭ്യമാക്കുന്നതിന് ജി 20 രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു. സൗദി അറേബ്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ജി20 ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജാവ്. വിർച്വൽ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു.

ലോക ജനതയും സമ്പദ് വ്യവസ്ഥകളും കൊവിഡ് മഹാമാരിയുടെ ആഘാതം അനുഭവിക്കുകയാണ്. എന്നാൽ മുഴുവൻ പ്രതിസന്ധികളെയും അന്താരാഷ്ട്ര സഹകരണത്തിലൂടെ മറികടക്കാൻ കഴിയുമെന്ന് സൽമാൻ രാജാവ് പറഞ്ഞു.

കൊവിഡ് പ്രതിരോധ വാക്‌സിനുകളും ഏറ്റവും മികച്ച ചികിത്സാ രീതികളും വികസിപ്പിക്കുന്നതിൽ ശുഭാപ്തി വിശ്വാസമുണ്ട്. എല്ലാ ജനവിഭാഗങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കാൻ ജി20 രാഷ്ട്രങ്ങങ്ങൾ പ്രവർത്തിക്കുമെന്നും രാജാവ് വ്യക്തമാക്കി.

അസാധാരണമായ സാഹചര്യമാണ് എല്ലാവരും അഭിമുഖീകരിക്കുന്നത്. ഉച്ചകോടി ഓൺലൈനിൽ നടക്കുന്നതിനാൽ റിയാദിൽ വ്യക്തിപരമായി രാഷ്ട്ര നേതാക്കൾക്ക് ആതിഥേയത്വം വഹിക്കാൻ കഴിയാത്തത് നിർഭാഗ്യകരമാണെന്നും രാജാവ് പറഞ്ഞു.

കൊവിഡിനെ നേരിടാൻ 21 ബില്യൺ ഡോളർ സംഭാവന നൽകിയിട്ടുണ്ട്. റിയാദ് ഉച്ചകോടി നിർണായക ഫലങ്ങൾ പ്രധാനം ചെയ്യും. ലോക ജനതക്ക് പ്രതീക്ഷയും സമാശ്വാസവും നൽകുന്ന സാമ്പത്തികവും സാമൂഹികവുമായ നയങ്ങൾ സ്വീകരിക്കും. ഇക്കാര്യത്തിൽ ഉറപ്പുണ്ടെന്നു പറഞ്ഞാണ് സൽമാൻ രാജാവ് പ്രസംഗം അവസാനിപ്പിച്ചത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങളാണ് ദ്വിദിന ഉച്ചകോടി മുഖ്യമായും ചർച്ച ചെയ്യുന്നത്.