ഐഎസ്എൽ ഏഴാം സീസണ് ഇന്ന് ഗോവയിൽ കിക്കോഫ് ചെയ്യപ്പെടുകയാണ്. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻബഗാനെയാണ് നേരിടുക. ഐഎസ്എൽ ചാമ്പ്യന്മാരായ എടികെയും ഐലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാനും ഒരുമിച്ച് എടികെ മോഹൻബഗാൻ എന്ന പേരിൽ കരുത്തുറ്റ ഒരു ക്ലബായി ഇറങ്ങുമ്പോൾ സമ്മർദ്ദം ബ്ലാസ്റ്റേഴ്സിനു തന്നെയാണ്. ആ സമ്മർദ്ദത്തെ എങ്ങനെ മറികടക്കുന്നു എന്നതിനനുസരിച്ച് മാത്രമേ മത്സരഫലം തങ്ങൾക്ക് അനുകൂലമാക്കാൻ മഞ്ഞപ്പടയ്ക്ക് കഴിയൂ.

സന്ദേശ് ജിങ്കൻ എതിർപാളയത്തിൽ ബൂട്ടുകെട്ടും എന്നത് മാനസികമായി ബ്ലാസ്റ്റേഴ്സിനെ ബാധിക്കും. ജിങ്കൻ്റെ തന്ത്രങ്ങളൊക്കെ അറിയാവുന്ന ബ്ലാസ്റ്റേഴ്സ് അതിനനുസരിച്ച് കളി മെനയാനാവും ശ്രമിക്കുക. മൊത്തത്തിൽ മാറിയ ബ്ലാസ്റ്റേഴ്സിൻ്റെ മുന്നേറ്റനിര ജിങ്കന് പരിചയമുള്ളതല്ല. അതുകൊണ്ട് തന്നെ അവിടെ ബലാബലം പോരാട്ടം കാണാം. ടെക്നിക്കലി അത്ര മികച്ച താരമല്ലെങ്കിലും മൈതാനത്ത് ജിങ്കൻ കാഴ്ചവെക്കുന്നാ എഫർട്ടും ആത്മാർത്ഥതയും ഇക്കൊല്ലം ബ്ലാസ്റ്റേഴ്സ് ടാക്കിൾ ചെയ്യേണ്ടി വരും.

റോയ് കൃഷ്ണ-ഡേവിഡ് വില്ല്യംസ് മുന്നേറ്റ നിരയുടെ പ്രഹരശേഷി കഴിഞ്ഞ സീസണിൽ തന്നെ തെളിഞ്ഞതാണ്. ഇരുവരും ചേർന്ന് കഴിഞ്ഞ സീസണിൽ നേടിയത് 22 ഗോളുകളാണ്. റോയ് കൃഷ്ണ 15ഉം വില്ല്യംസ് 7ഉം ഗോളുകൾ. ഗോവയുടെ കോറോ-ബോമസ് സഖ്യം 25 ഗോളുകൾ നേടി ഒന്നാമത് നിൽക്കുമ്പോൾ രണ്ടാം സ്ഥാനത്ത് എടികെയല്ല. നമ്മുടെ സ്വന്തം ബ്ലാസ്റ്റേഴ്സ് ആണ്. 23 ഗോളുകളാണ് ഓഗ്ബച്ചെ-റാഫേൽ മെസ്സി സഖ്യം അടിച്ചു കൂട്ടിയത്. ഇത്തവണ രണ്ടു പേരും നമുക്കൊപ്പം ഇല്ല. എന്നാൽ, എടികെയിലാവട്ടെ ഇരുവരും കളിക്കുന്നുണ്ട് താനും. ഇരുവരും തമ്മിൽ പരസ്പരം 11 അസിസ്റ്റുകളും ഉണ്ട്. അതുകൊണ്ട് തന്നെ എടികെ മുന്നേറ്റ നിര അപകടമാണ്