ന്യൂഡൽഹി: സർക്കാർ പരസ്യങ്ങളുടെ മറവിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകിയെന്ന് ആരോപിച്ച് ആം ആദ്മി പാർട്ട് 163.62 കോടി രൂപയുടെ റിക്കവറി നോട്ടീസ്. ഡയറക്ടറേറ്റ് ഓഫ് ഇൻഫോർമേഷൻ ആൻഡ് പബ്ലിസിറ്റി നൽകിയ റിക്കവറി നോട്ടീസിൽ പാർട്ടി 10 ദിവസത്തിനകം തുക നൽകണമന്നും നിർദ്ദേശമുണ്ട്. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന പാർട്ടിക്കെതിരെ നടപടി ആരംഭിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് പുതിയ സംഭവവികാസം.
2016-17 വർഷത്തിൽ സർക്കാർ പരസ്യങ്ങൾ എന്ന പേരിൽ രാഷ്ട്രീയ പരസ്യങ്ങൾ അച്ചടിക്കാൻ ഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ചതായി പാർട്ടിയ്ക്ക് അയച്ച നോട്ടീസിൽ പറയുന്നു. ഈ പരസ്യങ്ങൾ സുപ്രീം കോടതിയുട മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നതായും ആക്ഷേപമുണ്ട്. പലിശ അടക്കമാണ് 162 കോടിയിലേറെ തുക. പണം അടച്ചില്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും നിർദ്ദേശത്തിൽ പറയുന്നു.
എഎപി കൺവീനർ അരവിന്ദ് കെജ്രിവാൾ പണം അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ പാർട്ടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള എല്ലാ നിയമ നടപടികളും സമയബന്ധിതമായി എടുക്കുമെന്നും ഉത്തരവിലുണ്ട്. അടയ്ക്കേണ്ട മൊത്തം തുകയിൽ 99.31 കോടി രൂപ 2017 മാർച്ച് 31 വരെ രാഷ്ട്രീയ പരസ്യങ്ങൾക്കായി ചെലവഴിച്ച പ്രധാന തുകയുടെ അക്കൗണ്ടിലും ബാക്കി 64.31 കോടി രൂപ ഈ തുകയുടെ പിഴപ്പലിശയുടെ പേരിലുമാണ്.
ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയ പ്രതികരിച്ച് എത്തി. ‘ഡൽഹി സർക്കാരിലെ ഉദ്യോഗസ്ഥരെ ലഫ്റ്റനന്റ് ഗവർണറും ബിജെപിയും ദുരുപയോഗം ചെയ്യുന്നു, ഒരു പൊതു സേവന പ്രവർത്തനത്തിനും വേണ്ടിയല്ല, മറിച്ച് തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരെയും ഭരിക്കുന്ന എഎപിയെയും ലക്ഷ്യമിടുന്നു’ സിസോദിയ ട്വിറ്ററിൽ കുറിച്ചു.
ബിജെപിയെ രൂക്ഷമായി വിമർശിച്ച അദ്ദേഹം പറഞ്ഞു, ‘എല്ലാ ബിജെപി സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ പരസ്യങ്ങൾ ഡൽഹിയിലെ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്നു. അവരുടെ മുഖ്യമന്ത്രിമാരുടെ ഫോട്ടോകളുള്ള സർക്കാർ ഹോർഡിംഗുകൾ ഡൽഹിയിൽ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്, അവരുടെ ചെലവുകൾ ബിജെപി മുഖ്യമന്ത്രിമാരിൽ നിന്ന് ഈടാക്കുമോ? അതുകൊണ്ടാണോ ഡൽഹിയിലെ ഉദ്യോഗസ്ഥരെ ഭരണഘടനാ വിരുദ്ധമായി നിയന്ത്രിക്കാൻ ബിജെപി ആഗ്രഹിക്കുന്നതെന്നും സിസോദിയ ചോദിച്ചു.



