അമേരിക്കയില്‍ 1600 യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് (USAID) ജീവനക്കാരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പിരിച്ചുവിട്ടു. ശേഷിക്കുന്ന ജീവനക്കാര്‍ക്ക് ശമ്ബളത്തോടുകൂടിയുള്ള അഡ്മിനിട്രേറ്റീവ് അവധി നല്‍കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച്‌ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

യുഎസിന്റെ വിദേശ സഹായ ഏജന്‍സിയാണ് USAID. ഏജന്‍സിയുടെ കീഴില്‍ ലോകമെമ്ബാടും പ്രവർത്തിക്കുന്ന പ്രധാന നേതാക്കളെയും നിര്‍ണായക സ്ഥാനങ്ങള്‍ വഹിക്കുന്ന ജീവനക്കാരെയുമൊഴികെ ബാക്കിയെല്ലാവരെയും ഞായറാഴ്ച പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അമേരിക്കയിലുള്ള ഏകദേശം 1600 യുഎസ്‌എയ്ഡ് ഉദ്യോഗസ്ഥരെ ബാധിക്കുന്ന റിഡക്ഷന്‍-ഇന്‍-ഫോഴ്‌സ് നടപ്പിലാക്കി തുടങ്ങിയെന്നും നോട്ടീസില്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ജീവനക്കാർക്ക് അയച്ച നോട്ടീസിൽ ഏകദേശം 2,000 തസ്തികകൾ ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നു. എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റ് (DOGE) യുഎസ്എഐഡിയെ പിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

വിദേശ രാജ്യങ്ങളിൽ അമേരിക്കയ്ക്ക് സഹായം എത്തിക്കുന്ന ഏജൻസിയാണ് യുഎസ്എഐഡി. വിദേശത്ത് അമേരിക്കയ്ക്ക് കാര്യമായ സ്വാധീനം നേടുന്നതിൽ ഏജൻസി നിർണായക പങ്ക് വഹിക്കുന്നു.